ഇടുക്കി: ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനവും സംസ്‌കാരവും കൊവിഡ്​- 19 സുരക്ഷ പ്രോട്ടോകോൾ നിയന്ത്രണങ്ങൾ പാലിച്ച് നടത്താൻ ജില്ലാ കളക്ടറുടെ അനുമതി. നാലിന് ഉച്ചയ്ക്ക് ഒന്ന് മുതൽ അടിമാലിയിൽ നിന്ന് ആരംഭിച്ച് അഞ്ചിന് ഉച്ചയ്ക്ക് ശേഷം 02.30ന് വാഴത്തോപ്പിൽ അവസാനിക്കുന്നത് വരെയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഒരേ സമയം 20 പേരിൽ കൂടുതൽ പാടില്ല. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതും കർശനമായി നിരോധിച്ചു. പൊതുദർശനത്തിൽ പങ്കെടുത്തവർ ഏത്രയും വേഗം പരിസരം വിട്ടു പോകണം. പൊതുദർശനം നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലേക്ക് കടന്നു വരുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി പ്രത്യേകം റോഡുകൾ നിശ്ചയിക്കണം. എല്ലാവരും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. പ്രാദേശിക ചാനലുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ പൊതു ദർശന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യാൻ സജ്ജീകരണങ്ങൾ ചെയ്യണം. ഓരോ ഇടവകയ്ക്കും പൊതുദർശനത്തിനായി പ്രത്യേകമായി സമയം മുൻകൂറായി നിശ്ചയിച്ച് നൽകും. ഭൗതിക ശരീരം വഹിച്ചു കൊണ്ടു വരുന്ന വാഹനത്തിനൊപ്പം പരമാവധി രണ്ട് വാഹനങ്ങൾ കൂടി മാത്രമേ അനുവദിക്കൂ. വാഹനം കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല. ചടങ്ങുകൾ ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പായും ഓരോ മണിക്കൂർ ഇടവേളകളിലും ചടങ്ങിന് ശേഷവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. എല്ലാവരെയും തെർമ്മൽ സ്‌കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ചതിന് ശേഷം മാത്രമേ അനുവദിക്കൂ. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഏർപ്പെടുത്തും.