ഇടുക്കി: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി രാജക്കാട് പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. ജനകീയ ഹോട്ടൽ മുഖേന 20 രൂപക്ക് ഊണ് ലഭിക്കും. പൊതിച്ചോറിന് 25 രൂപയാണ് വില. നിർദ്ധനർക്ക് സൗജന്യമായും ഇവിടെ നിന്ന് ഭക്ഷണം ലഭിക്കും. നിലവിൽ സമ്പർക്കവിലക്കിന്റെ പശ്ചാത്തലത്തിൽ ഭക്ഷണ പൊതിയാണ് വിതരണം ചെയ്യുന്നത്. വിലക്ക് പിൻവലിക്കുന്ന മുറയ്ക്ക് ഹോട്ടലിന്റെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് വരെയാകും. രാജക്കാട് പഞ്ചമി കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. രാജാക്കാട് യൂണിയൻ ബാങ്കിന് സമീപത്താണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് നടത്തിയിരുന്ന സമൂഹ അടുക്കളയുടെ പ്രവർത്തനം അവസാനിപ്പിച്ചാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ നിർവഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ആദ്യ ഭക്ഷണപൊതി വിതരണം നടത്തി. വൈസ് പ്രസിഡന്റ് കെ.പി. അനിൽ, ത്രിതലപഞ്ചായത്തംഗങ്ങളായ എ.ഡി സന്തോഷ്, ബെന്നി പാലക്കാട്ട്, പ്രിൻസ് മാത്യു, ഇന്ദിര സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി സുജിത് കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ സുധ രാജൻ തുടങ്ങിയവർ പങ്കെടുത്തു.