കട്ടപ്പന: സ്വദേശത്തേയ്ക്ക് മടങ്ങാൻ തയ്യാറായിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം കട്ടപ്പന വില്ലേജിൽ വിലങ്ങുതടിയാകുന്നു. തൊഴിലുടമകളും തോട്ടമുടടമകളും ഇവരെ തിരിച്ചയയ്ക്കാൻ താത്പര്യപ്പെടുന്നില്ല. സ്വദേശത്തേയ്ക്ക് മടങ്ങിയാൽ പിന്നീട് ഇവർ തിരികെ എത്തിയില്ലെങ്കിൽ തോട്ടങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. എന്നാൽ മറ്റു ജില്ലകളിലുള്ളവരെ സ്വദേശത്തേയ്ക്ക് മടങ്ങാൻ അനുവദിച്ചിട്ട് ഇവിടെയുള്ളവർക്ക് സൗകര്യം ഏർപ്പെടുത്തിയില്ലെങ്കിൽ പ്രതിഷേധം ഉണ്ടായേക്കാമെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കുണ്ട്. വേനൽമഴ പെയ്യുന്നതിനാൽ തോട്ടങ്ങളിൽ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് നിലച്ചതോടെ ഉത്തരേന്ത്യക്കാർ മാത്രമാണ് ഉടമകളുടെ ഏക ആശ്രയം. ഏലത്തോട്ടങ്ങളിൽ കവാത്ത് ജോലികൾ ഉൾപ്പെടെയുള്ളവ അടിയന്തരമായി ചെയ്യേണ്ടതുണ്ട്. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെയാണ് വിവരശേഖരണത്തിനായി സമയം അനുവദിച്ചിരുന്നത്. രാവിലെ തന്നെ തൊഴിലുടമകളെ നേരിട്ട് അറിയിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരണം നടത്തുകയും ചെയ്തിരുന്നു. കട്ടപ്പന മേഖലയിൽ മൂവായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് വിവരം. അതേസമയം കേരളത്തിൽ തന്നെ തുടരാൻ താത്പര്യപ്പെടുന്ന വലിയൊരു വിഭാഗവും ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നൽകുന്ന സഹായങ്ങളുമാണ് ഇവരെ തുടരാൻ പ്രേരിപ്പിക്കുന്നത്.