ചെറുതോണി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ (78) കാലംചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 1.38ന് കോലഞ്ചേരി സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ദീർഘകാലമായി പ്രമേഹത്തിനും വൃക്കരോഗത്തിനും ചികിത്സയിലായിരുന്നു
75 വയസു തികഞ്ഞ 2018ൽ പദവി ഒഴിഞ്ഞ് രൂപത ആസ്ഥാനത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. 2003 മുതൽ 15വർഷം ഇടുക്കി രൂപതയെ
നയിച്ചു. ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ സമരം നയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായിരുന്നു.
ഭൗതീക ശരീരം മൂവാറ്റുപുഴ നിർമ്മല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് രൂപത ആസ്ഥാനത്തിനു സമീപമുള്ള വാഴത്തോപ്പ് സെന്റ് ജോർജ് സിംഹാസന പള്ളിയിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദേശങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ.
കടപ്ലാമറ്റം ആനിക്കുഴികാട്ടിൽ ലൂക്ക കുരുവിനാൽ കൊട്ടാരം ഏലിക്കുട്ടിയുടെയും 15 മക്കളിൽ മൂന്നാമനാണ്. കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേയ്ക്ക് കുടിയേറുകയായിരുന്നു. 1960ൽ കോതമംഗലം രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. 1971 മാർച്ച് 15ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ മാത്യു പോത്തനാമൂഴിയുടെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം കത്തീഡ്രൽ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ആരംഭിച്ചു. . ബെൽജിയത്തിലെ ലൂവെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് 1989ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പിന്നീട് കോതമംഗലം രൂപതയുടെ ചാൻസിലറായി. 2000ൽ കോതമംഗലം മൈനർ സെമിനാരിയുടെ റെക്ടർ സ്ഥാനത്തെത്തി. കോതമംഗലം വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിതമായപ്പോർ ആദ്യഅദ്ധ്യക്ഷനായി 2003 ജനുവരി 15ന് ചുമതലയേറ്റു. 2018 മാർച്ചിലാണ് സ്വയം സ്ഥാനമൊഴിഞ്ഞത്.