ചെറുതോണി: മാർ. മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ അനുശോചിച്ച് അഞ്ച് വരെ രൂപതയിൽ ഔദ്യോഗിക ദുഃഖമാചരിക്കുമെന്ന് രൂപതാദ്ധ്യക്ഷൻ മാർ. ജോൺ നെല്ലിക്കുന്നേൽ അറിയിച്ചു. നാളെ രാവിലെ 7.30 മുതൽ 9.30വരെ മൂവാറ്റുപുഴ ഹോളിമാഗി പള്ളിയിൽ ഭൗതീക ശരീരം പൊതുദർശനത്തിന് വയ്ക്കും. 10.30 മുതൽ 11 വരെ കോതമംഗലം രൂപതാകാര്യാലയത്തിലും ഒന്നുമുതൽ മൂന്നുവരെ അടിമാലി സെന്റ് ജൂഡ് പള്ളിയിലും നാലിന് കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടിലെ വീട്ടിലും 4.30മുതൽ 6.30 വരെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയിലും പ്രദർശനത്തിന് വയ്ക്കും. തുടർന്ന് 8.30ന് കരിമ്പൻ ബിഷപ്പ് ഹൗസിലും പൊതുദർശനത്തിന് വയ്ക്കും. ഒമ്പതിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ എത്തിക്കും. ചൊവ്വാഴ്ച 2.30ന് രൂപതയുടെ എല്ലാ ബഹുമതിയോടും കൂടി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ സംസ്‌കാര ശുശ്രൂഷകൾ നടത്തും. ഇടവക പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തും. എല്ലാ പള്ളികളിലും കരിങ്കൊടി താഴ്ത്തികെട്ടുകയും അദ്ദേഹത്തിന്റെ ചിത്രം വെള്ളത്തുണിയിൽ ആലേഖനം ചെയ്ത ഫ്ളെക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.