ചെറുതോണി: മാർ മാത്യു ആനിക്കുഴിക്കാട്ടിൽ എക്കാലത്തും വിവാദങ്ങളുടെ കളിത്തോഴനായിരുന്നെങ്കിലും ഹൈറേഞ്ചിലെ കുടിയേറ്റ കർഷകർക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. 2003 ജനുവരി 15നാണ് മാത്യൂ ആനി കുഴികാട്ടിൽ ഇടുക്കി രൂപതയുടെ പ്രഥമ രൂപതാധ്യക്ഷനായി ചുമതലയേറ്റത്. അന്നുമുതൽ ആശുപത്രി കിടക്കയിൽ കിടക്കുമ്പോഴും മലയോരത്തിന്റെ നല്ല ഇടയൻ കുടിയേറ്റ കർഷകർക്ക് വേണ്ടിയാണ് സംസാരിച്ചത്. രാഷ്ട്രീയം നോക്കാതെ ജാതിമത വ്യത്യാസമില്ലാത കർഷകരെ സംഘടിപ്പിച്ച് രാപ്പകൽ സമരത്തിന് നേതൃത്വം നൽകി കർഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ആത്മീയ നേതാവ്. കോട്ടയം ജില്ലയിലെ കർഷക കുടുംബത്തിൽ ജനിച്ച് ഇടുക്കിയിലേക്ക് കുടിയേറിയ ആനിക്കുഴിക്കാട്ടിൽ പട്ടിണിയറിഞ്ഞ് വളർന്നതിനാൽ കർഷകന്റെ വിലയറിയാമായിരുന്നു. വ്യക്തി ബന്ധമോ രാഷ്ട്രീയ പാർട്ടിയോ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് വേണ്ടി പോരാടിയ പിതാവ് രൂപതയുടെ ആസ്ഥാനം ജില്ലാ ആസ്ഥാനത്തുതന്നെ വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതിരുന്നിട്ടും കരിമ്പനിലെ ഗിരിദീപം ആുപത്രി കെട്ടിടത്തിൽ രൂപതാസ്ഥാനം ആരംഭിച്ചു. അന്നുമുതൽ ഇടുക്കി ജില്ലയിൽ റോഡ്, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും മുൻഗണന നൽകി പ്രവർത്തിച്ചു. കർഷകർക്ക് ഉപാധിരഹിത പട്ടയം, കസ്തുരി രൂഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾക്കെതിരെ സന്ധിയില്ലാ സമരം എന്നിവയ്ക്ക് നേതൃത്വം നൽകി. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരെയും ഉൾപ്പെടുത്തി ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടനയുണ്ടാക്കി അതിന്റെ നേതൃസ്ഥാനത്തു പ്രവർത്തിച്ചു. ഇടുക്കിയിലെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ ഗാഡ്ഗിൽ റിപ്പോർട്ട് പുനഃപരിശോധിച്ച് ഇളവുകൾ നേടിയെടുത്തു. ഇടുക്കി കണ്ടതിൽവച്ചേറ്റവും വലിയ സമരങ്ങൾക്കാണ് പിതാവ് നേതൃത്വം നൽകിയത്. അഞ്ച് വൈദികരും നാല് കന്യാസ്ത്രികളും ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 15 വഷത്തെ രൂപതാ ഭരണത്തിൽ വിശ്വാസികൾക്ക് ആത്മീയ വിശ്വാസം സംബന്ധിച്ച് 75 ഇടയലേഖനങ്ങളാണ് ഇറക്കയത്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ ശക്തമായി ഇടപെട്ട് വ്യക്തമായ നിർദ്ദേശങ്ങളാണ് ഇടവക സമൂഹത്തിന് നൽകിയിരുന്നത്. ഗർഭഛിദ്രം, സന്താന നിയന്ത്രണം എന്നിവയ്‌ക്കെതിരെയും പെൺകുട്ടികളുടെ വസ്ത്രധാരണം എന്നിവ സംബന്ധിച്ചും ഇറക്കിയ ഇടയ ലേഖനങ്ങൾ വാർത്തയായിരുന്നു.