മുട്ടം: മുട്ടം റൈഫിൾ ക്ലബ്ബിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന കോടിക്കുളം സ്വദേശിയുടെ സ്രവം ഇന്നലെ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ 29നാണ്‌ ഇദ്ദേഹത്തെ നിരീക്ഷണത്തിനായി റൈഫിൾ ക്ലബ്ബിൽ എത്തിച്ചത്. ലോറി ഡ്രൈവറായ ഇദ്ദേഹം കണ്ണൂർ,​ വയനാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ യാത്ര ചെയ്തിരുന്നു. എന്നാൽ റൈഫിൾ ക്ലബ്ബിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മറ്റ് ഏഴ് പേരുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ 30ന് കണ്ടെത്തിയിരുന്നു.

രണ്ട് പേരെ മടക്കി അയച്ചു

കുടയത്തൂർ: കൊവിഡ് രോഗ നിരീക്ഷണത്തിനായി കുടയത്തൂരിലുള്ള സ്വകാര്യ റിസോർട്ടിൽ പാർപ്പിച്ചിരുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ വെള്ളിയാഴ്ച രാത്രി വീടുകളിലേക്ക് മടക്കി അയച്ചു. രോഗം ഉണ്ടെന്ന് സംശയിച്ച ജില്ലാ ആശുപത്രിയിലെ നഴ്‌സുമായി അടുത്ത് ഇടപെട്ടു എന്നതിനാലാണ് കഴിഞ്ഞ 30ന് ഇവർ രണ്ട് പേരെയും നിരീക്ഷണത്തിൽ പാർപ്പിച്ചത്. എന്നാൽ ജില്ലാ ആശുപത്രിയിലെ നഴ്‌സ് ഉൾപ്പടെയുള്ളവരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ മടക്കി അയച്ചതെന്ന് തൊടുപുഴ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോ പറഞ്ഞു.