തൊടുപുഴ: ജില്ലയിൽ രണ്ട് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് പേർ രോഗ വിമുക്തരായി. രോഗ ബാധിതരായിരുന്ന നെടുങ്കണ്ടം സ്വദേശിനി, ചെറുതോണി മണിയാറൻകുടി സ്വദേശി, ഏലപ്പാറ സ്വദേശികളായ അമ്മയും മകനും എന്നിവരുടെ മൂന്നാമത്തെ ഫലവും നെഗറ്റീവായതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു. നിലവിൽ 10 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളവർ. ഇന്നലെ ലഭിച്ച 56 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ഇന്നലെ പരിശോധനയ്ക്ക് അയച്ച 107 സ്രവങ്ങളടക്കം 397 പേരുടെ പരിശോധന ഫലങ്ങൾ ലഭിക്കാനുണ്ട്. ജില്ലയിൽ 1645 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 17 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നു.