കാഞ്ഞാർ: കോളപ്ര തലയനാട് പള്ളിയുടെ സമീപം പ്രവർത്തിക്കുന്ന വാട്ടർ അതോറിട്ടിയുടെ പ്ലാന്റിലെ ക്ലോറിൻ ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. കോളപ്ര പമ്പ് ഹൗസിൽ നിന്ന് പമ്പിംഗ് നടത്തുന്ന വെള്ളം ഈ പ്ലാൻറിൽ എത്തി ശുചീകരിച്ചാണ് കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ, കരിമണ്ണൂർ, ആലക്കോട് എന്നീ അഞ്ച് പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. ഒരു ടൺ ക്ലോറിൻ സൂക്ഷിക്കുന്ന സിലണ്ടറിന്റെ വാൽവിന്റെ ഭാഗത്താണ് ചോർച്ച ഉണ്ടായത്. ക്ലോറിൻ വെള്ളവുമായി കലരുന്ന ഭാഗത്ത് ചോർച്ച ഉണ്ടായത് കൊണ്ടാണ് അപകടം ഒഴിവായത്. വെള്ളത്തിലേക്ക് കലരുന്ന ഭാഗത്ത് അല്ലാതെ മറ്റ് ഭാഗത്ത് എവിടെയെങ്കിലുമായിരുന്നു ചോർച്ച സംഭവിച്ചതെങ്കിൽ ഇത് വൻ ദുരന്തത്തിന് വഴിവയ്ക്കുമായിരുന്നു. ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ പ്ലാന്റിൽ ഉണ്ടായിരുന്ന ജീവനക്കാർ ചോർച്ച അടയ്ക്കാനുള്ള ശ്രമം നടത്തി. എന്നാൽ കാലാഹരണപ്പെട്ട സംരക്ഷണ കവചമാണ് ജീവനക്കാർ ഉപയോഗിക്കുന്നത് എന്നതിനാൽ ഉദ്യമത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഉടൻ തന്നെ മൂലമറ്റം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തൊടുപുഴയിൽ നിന്നും മൂലമറ്റത്ത് നിന്നുമെത്തിയ അഗ്നിരക്ഷാ സേന ചോർച്ച ഉണ്ടായ വാൽവിന്റെ ഭാഗം അടച്ച് താത്കാലികമായി ചോർച്ച ഒഴിവാക്കി. ആലുവ ഉദ്യോഗമണ്ഡലിൽ നിന്നുള്ള വിദഗ്ദ്ധർ എത്തി വാൽവ് മാറ്റി വെച്ച് പ്രശനത്തിന് പരിഹാരം കാണുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. മുട്ടം പൊലീസും സ്ഥലത്ത് എത്തിയിരുന്നു.