കട്ടപ്പന: എഴുപത്തിമൂന്ന്കാരൻ മൂന്നുവർഷമായി സ്വരുക്കൂട്ടിവെച്ച വർദ്ധക്യകാല പെൻഷൻ തുക പെൻഷൻ തുക മരണ.ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി മകളും ബന്ധുക്കളും. എസ്.എൻ.ഡി.പി. യോഗം വാഴവര ശാഖാംഗം വാഴവര ഇളങ്ങയിൽ എ.ഇ ഗോപാലൻ(73)കരുതിവച്ച 26,720 രൂപയാണ് സംഭാവനയായി നൽകിയത്. നാട്ടുകാർ മച്ചാൻ എന്നു സ്‌നേഹപൂർവം വിളിക്കുന്ന ഗോപാലൻ, വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഭാര്യ സുമതി നേരത്തെ മരണമടഞ്ഞതോടെ അനന്തിരവൻ പെരുംകുന്നത്ത് ബിജുവാണ് ഇദ്ദേഹത്തെ സംരക്ഷിച്ചുവന്നത്. ഇന്നലെ രാവിലെ വീട്ടുവളപ്പിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് സംസ്‌കാരച്ചടങ്ങുകൾ നടത്തി. തുടർന്ന് കട്ടപ്പന നഗരസഭ കൗൺസിലർ ബെന്നി കുര്യന് അനന്തിരവൻ ബിജു തുക കൈമാറുകയായിരുന്നു. മകൾ ഷൈലജ, മരുമകൻ വിജയൻ, എസ്.എൻ.ഡി.പി. യോഗം വാഴവര ശാഖ പ്രസിഡന്റ് രജീഷ് ടി.ആർ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.