മുട്ടം: കൊവിഡ് ജാഗ്രത സമയത്തും മുട്ടം ഗവണ്മെന്റ് പൊളിടെക്നിക്ക് കോളേജിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പളം തടഞ്ഞതായി പരാതി.പോളിടെക്നിക്ക് കോളേജിന്റെ വിവിധ വകുപ്പുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച 21അദ്ധ്യാപകരുടെയും ഹോസ്റ്റലിലെ ആവശ്യത്തിലേക്ക് വേണ്ടി കുടുംബശ്രീയിൽ നിന്ന് നിയമിച്ചഅഞ്ച് ജീവനക്കാരുടെയും മാർച്ച്‌ മാസത്തെ ശമ്പളമാണ് തടഞ്ഞതായി പരാതി ഉയർന്നിരിക്കുന്നത്.എല്ലാ വിഭാഗത്തിലുമുള്ള താൽക്കാലിക ജീവനക്കാരുടെ മാർച്ച്‌ മാസത്തെ ശമ്പളം പൂർണ്ണമായും നൽകണം എന്നുള്ള സർക്കാർ നിർദേശം മറികടന്നാണ് പോളിടെക്നിക്ക് അധികൃതർ ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ജീവനക്കാർ പോളിടെക്നിക്ക് പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും തീരുമാനമായില്ല.

"ഇത് സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ അവ്യക്തയുണ്ട്. ഉത്തരവിലെ വ്യക്തതയ്ക്ക് വേണ്ടി ഡയറക്ടർക്ക് എഴുതിയിട്ടുണ്ട്.തീരുമാനം അറിയുന്ന പ്രകാരം ശമ്പളം ഉടൻ നൽകും"

ഗീത, പ്രിൻസിപാൾ, ഗവണ്മെന്റ് പൊളിടെക്നിക്ക് കോളേജ്