തൊടുപുഴ: ഓറഞ്ച് സോണിന്റെ തണൽപറ്റി ഇടുക്കി ഇന്ന് മുതൽ നേരിയ ആശ്വാസത്തിന്റെ പാതയിലേയക്ക് .കഴിഞ്ഞ ഒരാഴ്ചയായി രോഗബാധിതരൊന്നുമില്ലെന്നതും നാലുപേർ രോഗം ഭേദമായി ആശുപത്രി വിട്ടതും ജില്ലയ്ക്ക് നല്കുന്ന ആശ്വാസം ചില്ലറയൊന്നുമില്ല. എങ്കിലും കടുത്ത നിയന്ത്രണങ്ങളോടു കൂടി തന്നെയായിരിക്കും ജനജീവിതം.ചുവപ്പ് മാറി ഓറഞ്ച് സോണിലായെങ്കിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അനാവശ്യമായി പുറത്തിറങ്ങിയാലും പഴയതുപോലെ നടപടിയുണ്ടാകും.
ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാം , എന്നാൽ ജില്ലയിലെ പൊതുഗതാഗതം പുനസ്ഥാപിക്കില്ല. ടാക്‌സി അനുവദിക്കും. ഇതിൽ ഡ്രൈവറുൾപ്പടെ മൂന്നുപേരെ മാത്രമേ അനുവദിക്കു. ഓട്ടോറിക്ഷ ഓടില്ല. ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്വകാര്യ വാഹനത്തിൽ യാത്ര അനുവദിക്കും. ഇരുചക്ര വാഹനങ്ങളിൽ ഒരാളെ മാത്രമേ അനുവദിക്കു. മുഖാവരണം നിർബന്ധമാണ്.തൊട്ടടുത്ത ജില്ലയായ കോട്ടയം റെഡ് സോണിലാണ്. അടേയ്ക്ക് പോകുമ്പോൾ അവിടുത്തെ ചട്ടങ്ങൾ പാലിക്കേണ്ടി വരും.


കനത്ത ജാഗ്രത
നാളെ മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ജില്ലയലേക്ക് കടന്നുവരും. ഇടുക്കിയിൽ കുമളിയാണ് പ്രവേശന കവാടം. എല്ലാവരെയും പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ജില്ലയലേക്ക് കടത്തിവിടൂ. . പുറത്തു നിന്നെത്തുന്നവർ എല്ലാം വീടുകളിൽത്തന്നെ നിരീക്ഷണത്തിലിരിക്കണം. ഇവരെ നിരീക്ഷിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. കുമളിയിലൂടെ എറണാകുളം, കോട്ടയം ജില്ലകളലേക്ക് പോകുന്നവരെയും പരശോധിക്കും. 500 പേരെയാണ് ഒരുദിവസം കടത്തിവിടുക.


ഇടുക്കിയില് ഇന്ന് മുതല്
അനുവദിക്കും


ചരക്കു വാഹനങ്ങൾ, അവശ്യസാധന വിൽപ്പനശാലകൾ, ആശുപത്രി ഒ.പി., ക്ലിനിക്കുകൾ, റ്രെസ്രാറന്റുകൾ(പാഴ്‌സൽ മാത്രം), സർക്കാർ ഓഫീസ്(നിബന്ധനകളോടെ), കൊറിയർ, തപാല്, ബാങ്ക്, ഒറ്റനിലയുള്ള തുണിക്കടകൾ, ടാക്‌സി, കാബ്(നിബന്ധനകളോടെ).


അനുവദിക്കില്ല


പൊതുഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ,തീയേറ്ററുകൾ , ഷോപ്പിഗ് മാൾ , ജിംനേഷ്യം, മദ്യവിൽപ്പന ശാലകൾ , മറ്റ് വ്യാപാര സ്ഥാപനങ്ങൾ , ബാർബർ ഷോപ്പ് , ബ്യൂട്ടി പാർലറുകൾ .

ഓർക്കാൻ
*അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ പുറത്തിറങ്ങാം

*വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ മാത്രം
*അടിയന്തിര യാത്രയ്ക്ക് ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേരെ അനുവദിക്കും
*രാത്രി 7.30 മുതൽ രാവിലെ 7 വരെ പുറത്തിറങ്ങുന്നതിന് പൂർണ്ണ വിലക്ക്
* ഞായർ പൊതു അവധി