തൊടുപുഴ: നാട്ടിൽപോകാൻ അവസരമൊരുങ്ങുന്നതായി അറിഞ്ഞതോടെ നഗരത്തിൽ ഭായിമാരുടെ തിക്കും തിരക്കുമായി. ലോക്ക് ഡൗൺ തുടരുന്നതിനിടെഅന്യസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരികെ പോകാൻ ട്രെയിൻ സൗകര്യം ഒരുക്കി തുടങ്ങിയതോടെയാണ് കഴിഞ്ഞ ദിവസം തൊടുപുഴ മേഖലയിലെ ക്യാമ്പുകളിൽ നിന്നും തൊഴിലാളികൾ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടി പുറത്തിറങ്ങിയത്. പൊലീസ് സ്‌റ്റേഷനു സമീപവും മുനിസിപ്പൽ ഓഫീസിനു മുന്നിലുമാണ് തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത്. നാട്ടിലേക്ക് പോകാനുള്ള രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ചു നൽകാൻ എത്തിയതായിരുന്നു തൊഴിലാളികൾ. ഇതോടെ പൊലീസ് എത്തി തൊഴിലാളികളെ തിരികെ പറഞ്ഞു തിരിച്ചയ്ക്കാൻ ശ്രമിച്ചു. രജിസ്‌ട്രേഷൻ ഫോം കൈയിലുണ്ടായിരുന്നവരിൽ നിന്നും പൊലീസ് ഇതു ശേഖരിച്ചു. പോകാൻ വിസമ്മതിച്ചവരെ പൊലീസ് വിരട്ടിയോടിക്കേണ്ട അവസ്ഥയുമുണ്ടായി.
അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ അവർ കഴിയുന്ന ക്യാമ്പുകളിൽ എത്തി ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളികളെ എത്തിച്ചിരിക്കുന്ന കോൺട്രാക്ടർമാരോടും ഇവരുടെ തിരിച്ചു പോക്കിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. തൊടുപുഴ മേഖലയിൽ നിന്നും ഇതുവരെ സ്വദേശത്തേക്കു തിരികെ പോകുന്നതിനായി നാനൂറോളം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തൊടുപുഴ സിഐ സുധീർ മനോഹർ പറഞ്ഞു. ബാക്കിയുള്ളവരുടെ രജിസ്‌ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്കായുള്ള മടക്കയാത്ര ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കും.