അടിമാലി: പലതവണ മാറ്റിവച്ച് ഒടുവിൽ എബിയും ക്രിസ്റ്റിയും ലോക്ക്ഡൗണിൽ തന്നെ വിവാഹിതരായി. പള്ളിയിൽ നടന്ന ചെറിയ ചടങ്ങിൽ വളരെ കുറച്ചുപേർ മാത്രമാണ് പങ്കെടുത്തത്. ഇരുമ്പുപാലം കാക്കത്തോട്ടത്തിൽ സാജുവിന്റെയും ഷൈലയുടെയും മകനായ എബിയും മുനിയറ കളരിയ്ക്കൽ സ്‌കറിയയുടെയും മോളിയുടെയും മകൾ ക്രിസ്റ്റിയുമാണ് വിവാഹിതരായത്. ഏപ്രിൽ 20ന് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ കൊവിഡ്- 19 കാരണം രണ്ടു തവണ തിയതി മാറ്റി. അവസാന തീരുമാനം ഏപ്രിൽ 30ന് നടത്താനായിരുന്നു. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ 30നും വിവാഹം നടത്താനായില്ല. തുടർന്ന് ഞായറാഴ്ച്ച ലോക്ക്ഡൗൺ നിയമം പാലിച്ച് വിവാഹം നടത്തുകയായിരുന്നു. അടിമാലി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ഫാ. ജോൺ ഫിലിപ്പോസിന്റെ കാർമികത്വത്തിൽ ക്രിസ്റ്റിയുടെ കഴുത്തിൽ മിന്ന്കെട്ടി. വരന്റെയും വധുവിന്റെയും മാതാപിതാക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.