തൊടുപുഴ: ലോക്ക് ഡൗണിനിടെ ആശുപത്രിയിലേക്ക് പോയ കാൻസർ രോഗിയെയും പിതാവിനെയും കുളമാവ് പൊലീസ് പെരുവഴിയിൽ തടഞ്ഞിട്ടത് ഒരു മണിക്കൂറോളം. ഈ സമയം കളക്ട്റേറ്റിലേക്ക് പോകാൻ ഇതു വഴി വന്ന പി.ജെ. ജോസഫ് എം.എൽ.എ ഇടപെട്ടതിനെ തുടർന്നാണ് ഇവരെ പോകാൻ അനുവദിച്ചത്. കഴിഞ്ഞ 28ന് കുളമാവ് ഡാമിന് സമീപം ഇടുക്കി നായരുപാറ താഴുത്തുരുത്തേൽ ടി.ജെ. വർക്കിയ്ക്കും മകൻ അനൂപിനുമാണ് പൊലീസിൽ നിന്ന് ദുരനുഭവം നേരിട്ടത്. ആറു വർഷമായി ഇടതു തോളിൽ കാൻസർ ബാധിച്ച് ചികിത്സയിലാണ് അനൂപ്. തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയ്ക്ക് ശേഷം ചെന്നൈയിലെ ആശുപത്രിയിൽ തോളിലെ അസ്ഥി നീക്കം ചെയ്തിരുന്നു. പിന്നീട് ആർ.സി.സിയിൽ കീമോ തെറാപ്പി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വലതു തോളിൽ വേദനയനുഭവപ്പെട്ടു. ആർ.സി.സിയിൽ വിളിച്ചപ്പോൾ ലോക്ക്ഡൗണായതിനാൽ അടുത്ത് ഓങ്കോളജിസ്റ്റുള്ള ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞു. ഇതിനുസരിച്ച് രാവിലെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോരുകയായിരുന്നു. ബന്ധുവായ നോബിയാണ് വാഹമോടിച്ചിരുന്നത്. ഇവർ മാസ്‌കും ധരിച്ചിരുന്നു. കുളമാവ് സ്റ്റേഷനിലെ എ.എസ്‌.ഐയും സംഘവുമാണ് ഡാമിനു സമീപം വാഹനം കൈ കാണിച്ചത്. ആശുപത്രി രേഖകളും സത്യവാങ്മൂലവും കാണിച്ചെങ്കിലും വാഹനം വിടാൻ പൊലീസ് തയ്യാറായില്ല. സത്യവാങ്മൂലം പോരെന്നായിരുന്നു പൊലീസിന്റെ ന്യായം. കളക്ടറേറ്റിൽ നിന്ന് രേഖ വാങ്ങി വരാമെന്നറിയിച്ചെങ്കിലും വാഹനം വിടാൻ തയ്യാറായില്ല. ഇതിനിടെ ഇതു വഴി വന്ന പി.ജെ.ജോസഫ് എം.എൽ.എ നടപടി ചോദ്യം ചെയ്തതോടെയാണ് വാഹനം വിട്ടു നൽകാൻ പൊലീസ് തയ്യാറായത്. എന്നാൽ വാഹനം വിട്ടു നൽകിയെങ്കിലും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ എത്തി പരിശോധനകൾക്കു ശേഷം ഡോക്ടർ തന്നെ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചെങ്കിലും കേസെടുക്കാതിരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. തുടർന്ന് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് വർക്കി പരാതി നൽകി. സംഭവം വിവാദമായതോടെ മേൽവിലാസം രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും കേസെടുത്തിട്ടില്ലെന്നും സി.ഐ ജോസഫ് ലിയോൺ അറിയിച്ചു.