 ഇനി ഒരു രോഗി മാത്രം

തൊടുപുഴ: ഇടുക്കിയിൽ ഇന്നലെ 11 പേരുടെ രോഗം ഭേദമായി. ഇനി ഒരാൾക്ക് കൂടി രോഗം ഭേദമായാൽ വീണ്ടും ജില്ല കൊവിഡ് രോഗമുക്തമാകും. ആകെ 24 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 പേർക്ക് ആദ്യഘട്ടത്തിൽ തന്നെ രോഗം ഭേദമായിരുന്നു. തുടർന്ന് ജില്ലയെ ഗ്രീൻസോണിൽ ഉൾപ്പെടുത്തിയതിന് ശേഷമാണ് അഞ്ച് ദിവസത്തിനിടെ 14 പേർക്ക് രോഗം ബാധിച്ചത്. ഇവരിൽ 3 പേർക്ക് കഴിഞ്ഞ ആഴ്ച തന്നെ രോഗം ഭേഗമായി. ബാക്കിയുള്ള 11 പേരാണ് ഇന്നലെ രോഗമുക്തരായത്.

നിലവിൽ ജില്ലയിൽ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നത് 1615 പേരാണ്. വീടുകളിൽ 1598 പേരും ആശുപത്രിയിൽ 17 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ പുതിയതായി ആരെയും ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിട്ടില്ല. 75 പേരെ ഇന്നലെ വീടുകളിൽ നിരീക്ഷണത്തിലാക്കി. അതേസമയം 72 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതിനെ തുടർന്ന് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇന്നലെ ഫലം വന്ന 117 സ്രവ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ജില്ലയിൽ ഇതുവരെ 2018 പേർ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 1594 ഉം നെഗറ്റീവ് ഫലങ്ങളായിരുന്നു. ഇന്നലെ പരിശോധനയ്ക്ക് അയച്ച 35 സാമ്പിളുകളുടേത് ഉൾപ്പെടെ 383 സാമ്പിളുകളുടെ ഫലമാണ് ഇനിയും ലഭ്യമാകാനുള്ളത്. ഇന്നലെ 288 വീടുകളിൽ പ്രത്യേക ഹോം ക്വാറന്റൈൻ സംഘം സന്ദർശനം നടത്തി. 76 അന്യസംസ്ഥാന തൊഴിലാളികളെയും മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയരാക്കി.