കട്ടപ്പന: ഹോട്ട് സ്‌പോട്ടായ വണ്ടൻമേട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കൊവിഡ് ബോധവത്കരണ ഗാന ചിത്രീകരണം. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി ഷൂട്ടിംഗ് നിർത്തിവയ്പ്പിച്ചു. കഴിഞ്ഞദിവസമാണ് നൃത്ത അദ്ധ്യാപകനും വിദ്യാർഥികളും സംവിധായകൻ, ക്യാമറമാൻ എന്നിവരടക്കം നിരവധി പേർ നെറ്റിത്തൊഴുവിലെ ഹാളിൽ ചിത്രീകരണത്തിനെത്തിയത്. കമ്പംമെട്ട് സി.ഐയുടെ നിർദേശപ്രകാരമാണ് വന്നതെന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ മുഖാവരണമോ മറ്റു പ്രതിരോധ ഉപകരണങ്ങളോ ഇല്ലാതെ ഹാളിൽ ബോധവത്കരണ ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ വിവരമറിയിച്ചു. കൊവിഡ് നിരീക്ഷണത്തിലുള്ളവരുമായി അടുത്തിടപഴകിയവർ വരെ സംഘത്തിലുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി അജി കെതോമസിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി ചിത്രീകരണം നിർത്തിവയ്പ്പിക്കുകയായിരുന്നു. വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്ത് കമ്പംമെട്ട് സി.ഐയുടെ അനുമതിയോടെയാണ് ഷൂട്ടിംഗ് നടത്തിയതെന്ന വിചിത്രമായ മറുപടിയാണ് സംഘം പറഞ്ഞത്. എന്നാൽ ഗാന ചിത്രീകരണത്തിനു അനുമതി ആവശ്യപ്പെട്ട് ആരും അപേക്ഷ നൽകിയിട്ടില്ലെന്നു സെക്രട്ടറി അറിയിച്ചു.