kpn-mkt
കട്ടപ്പന പൊതുമാർക്കറ്റത്തിൽ ഇന്നലെ രാവിലെ അനുഭവപ്പെട്ട തിരക്ക്.

കട്ടപ്പന: മൂന്നാംഘട്ട ലോക്ക് ഡൗണിന്റെ ആദ്യദിനത്തിൽ കട്ടപ്പന നഗരത്തിൽ വൻ തിരക്ക്. രാവിലെ ഏഴു മുതൽ പ്രധാന ജംഗ്ഷനുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞതോടെ ഗതാഗതവും തടസപ്പെട്ടു. സാധാരണ ദിവസങ്ങളിലേതുപോലെ നൂറുകണക്കിനാളുകളാണ് വാഹനങ്ങളുമായി നഗരത്തിലെത്തിയത്. ലോക്ക്ഡൗൺ കാലളവിലെ ഏറ്റവും വലിയ തിരക്കാണ് മാർക്കറ്റിൽ അനുഭവപ്പെട്ടത്. തിരക്ക് അനിയന്ത്രിതമായതോടെ പൊലീസ് ചില സ്ഥാപനങ്ങൾ അടപ്പിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി. പിന്നീട് കളക്ടറുടെ നിർദേശം എത്തിയതോടെ പൊലീസ് നിലപാട് മാറ്റി. കടകൾ അടപ്പിക്കുന്നുവെന്നു പ്രചരണമുണ്ടായതോടെ പല വ്യാപാരികളും സ്ഥാപനങ്ങൾ പൂട്ടി മടങ്ങുകയും ചെയ്തു. കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നു ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ രംഗത്തെത്തി. സർക്കാർ നിർദേശങ്ങൾ പാലിച്ച് തുറക്കുന്ന സ്ഥാപനങ്ങൾ പൊലീസ് അടപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഉത്തരവുകൾ മാറ്റുന്ന സാഹചര്യമുണ്ടായാൽ ഇക്കാര്യം വ്യാപാരി സംഘടനകളെ അറിയിക്കാൻ ശ്രമിക്കണമെന്നും നേതാക്കൾ പറഞ്ഞു.