kk
അതിർത്തി കടന്ന് എത്തിയവർക്ക് ആരോഗ്യ വകുപ്പ് പാലിക്കേണ്ട നിർദേശങ്ങൾ നൽകുന്നു

ഇടുക്കി : കൊവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്കായി സ്വന്തം നാട് തുറന്ന കവാടത്തിലൂടെ അവർ ആശ്വാസത്തിന്റെ പാതയിലെത്തി. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കു നാട്ടിൽ തിരിച്ചെത്തുന്നതിനു സംസ്ഥാന സർക്കാർ ഒരുക്കിയ അവസരത്തിന്റെ ആദ്യദിനമായ ഇന്നലെ(4) വൈകുന്നേരം വരെ ഇടുക്കി ജില്ലയുടെ പ്രധാന ചെക്ക് പോസ്റ്റ് ആയ കുമളിയിലൂടെ 21 പേർ എത്തി. സ്ത്രീകളായിരുന്നു എത്തിയവരിൽ ഭൂരിഭാഗവും. ഇതിൽ കൈക്കുഞ്ഞുങ്ങളുമായി മൂന്നുപേർ ഉണ്ടായിരുന്നു. കുമളി, വണ്ടിപ്പെരിയാർ, ഉപ്പുതറ, വാഴത്തോപ്പ് എന്നിങ്ങനെ ഇടുക്കി ജില്ലയിൽ നിന്നുള്ളവരും ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരുമാണ് ഇന്നലെ എത്തിയത്. രാവിലെ എട്ടുമുതൽ വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ തുറന്ന് യാത്രക്കാരെ പ്രതീക്ഷിച്ചുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഒരു വനിത ആദ്യമായി എത്തിയത്. ജില്ലാകളക്ടർ പാസിന് അനുമതി നൽകുന്ന മുറയ്ക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇന്നലെ എത്തിയവരിൽ കൂടുതൽ പേരും തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്നവരാണ്. കടന്നുവരുന്നവരെ ആദ്യം ആരോഗ്യവകുപ്പിന്റെ സ്റ്റാളിൽ പരിശോധിച്ച ശേഷം തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്റ്റാളിലേക്കു വിടും. ക്വാറന്റൈയിൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ പരിശോധിച്ച് അറിയിക്കും. റവന്യൂ,പൊലീസ് വിഭാഗങ്ങളാണ് പാസ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുന്നത്. വീടുകളിൽ ക്വാറന്റൈൻ സൗകര്യമുള്ളവരെ കർശനമായ വ്യവസഥകളോടെ പോകാൻ അനുവദിച്ചു. ക്വാറന്റൈൻ സൗകര്യം തീരെയില്ലാത്തവരെ അതത് ഇടങ്ങളിലെ കൊവിഡ് കേന്ദ്രങ്ങളിൽ പാർപ്പിക്കും. തമിഴ്‌നാട്ടിൽ നിന്ന് അനുമതി ലഭിച്ചു വരുന്ന മുറയ്ക്ക് കടന്നുവരുന്ന എല്ലാവർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. വരുംദിനങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് കുമളിയിൽ സജജീകരണങ്ങൾ നടത്തിവരുന്നത്. ഡെപ്യൂട്ടി ഡി എം ഒ ഡോ. സുഷമ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. വി. കുര്യാക്കോസ്, കട്ടപ്പന ഡിവൈ എസ്പി എൻ. സി. രാജ്‌മോഹൻ തുടങ്ങിയവരും വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിവരുന്നു.