തൊടുപുഴ: ഓറഞ്ച് സോണായ ഇടുക്കിയിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ ഭൂരിഭാഗം കടകൾ തുറക്കുകയും ജനം കൂട്ടത്തോടെ റോഡലിറങ്ങുകയും ചെയ്തു. ടൗണുകളിലായിരുന്നു തിരക്ക് കൂടുതൽ. ഹോട്ട്‌സ്‌പോട്ടുകളിൽ പോലും ജനം വാഹനവുമായി നിരത്തിലിറങ്ങി. ഹോട്ട്‌സ്‌പോട്ടുകളിൽ ചിലയിടങ്ങളിലൊഴിച്ച് പൊലീസിന്റെ കാര്യമായ പരിശോധനകളുമില്ലായിരുന്നു. മാത്രമാണ് പൊലീസ് പരിശോധന ഉണ്ടായിരുന്നത്. മാളുകളും, ഷോപ്പിങ് കോംപ്ലക്‌സുകളും വൻകിട വ്യാപാരസ്ഥാപനങ്ങളുമൊഴികെയുള്ള ഒട്ടുമിക്ക കടകളും തിങ്കളാഴ്ച തുറന്നു. റോഡുകളിൽ സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയുമുണ്ടായിരുന്നു. പലയിടത്തും നിയന്ത്രണങ്ങൾ പാലിക്കാതെ ജനം കൂട്ടംകൂടി. പച്ചക്കറി ചന്തകളിലും തിക്കും തിരക്കമുണ്ടാക്കി. കൈകഴുകാനുള്ള സംവിധാനവും പലയിടത്തുമില്ലായിരുന്നു. ഇതോടെ രോഗം വീണ്ടും വ്യാപിക്കുമോ എന്ന് ആരോഗ്യ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു.

തൊടുപുഴയിൽ വൻതിരക്ക്

ജില്ലയിലെ പ്രധാന നഗരമായ തൊടുപുഴയിൽ ഇളവിന്റെ ആദ്യ ദിനം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചെറുകിട വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നു. മാർക്കറ്റ് റോഡിൽ വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. വൈകിട്ടുവരെ ഇവിടെ ഗതാഗതക്കുരുക്കുമുണ്ടായി. പച്ചക്കറി മാർക്കറ്റിലും മറ്റ് വ്യാപാര കേന്ദ്രങ്ങളിലും ജനങ്ങൾ കൂട്ടത്തോടെയെത്തി.