തൊടുപുഴ: ഇടുക്കി രൂപതാ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ കബറടക്കശുശ്രൂഷയോടനുബന്ധിച്ചുള്ള പൊതുദർശനം ഒഴിവാക്കിയത് കോൺഗ്രസ് പ്രവർത്തകർ സർക്കാരിന് പരാതി നൽകിയതുകൊണ്ടാണെന്ന വിധത്തിൽ സി.പി.എമ്മും പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ.. ഏതെങ്കിലും ഒരു കോൺഗ്രസ് പ്രവർത്തകൻ ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് പുറത്തുവിടാൻ സർക്കാരോ സി.പി.എമ്മോ തയ്യാറാകണം. ഇടുക്കിയിലെ ജനങ്ങളുടെ ഹൃദയവികാരം ഉൾക്കൊണ്ട കർഷകബന്ധുവായ പിതാവിനോട് കോൺഗ്രസ് പാർട്ടിക്ക് ഏറ്റവും സ്‌നേഹവും ബഹുമാനവും ആദരവുമാണുള്ളത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖപൂർണ്ണമായി നില്ക്കുന്ന സമൂഹത്തിനു മുമ്പിൽ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതിന് ശ്രമിച്ചത് പിതാവിനോടുള്ള അനാദരവാണ്. ആരാണ് പരാതി നൽകിയതെന്ന് ചീഫ് സെക്രട്ടറിയോ ജില്ലാ കളക്ടറോ വെളിപ്പെടുത്തണം. ജില്ലയിൽ ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകൻ ഇത്തരം ശ്രമം നടത്തിയാൽ ആ വ്യക്തി ഈ പാർട്ടിയിൽ ഉണ്ടാവില്ല. അദ്ദേഹം പറഞ്ഞു.