ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന പഴയകാല നടി 'ഒറ്റപ്പാലം ലീല'യുടെ സ്വപ്നങ്ങൾ യാഥാർഥ്യമാവുകയാണ്.അതിന്റെ സന്തോഷത്തിലാണ് ലീലയും കുടുംബാംഗങ്ങളും. പ്രശസ്ത കഥാകാരൻ ഒ വി വിജയന്റെ കഥയെ ആസ്പദമാക്കി 1988 ൽ രാജീവ് നാഥ് സംവീധാനം ചെയ്ത 'കടൽ തീരത്ത് ' എന്ന സിനിമയിലൂടെയായിരുന്നു പതിനഞ്ചാം വയസിൽ നായികയായി ലീലാമ്മ വർഗീസ് എന്ന ഒറ്റപ്പാലം ലീലയുടെ സിനിമ പ്രവേശം.
30 വർഷത്തെ സിനിമ ജീവിതത്തിൽ മലയാളത്തിൽ 305 സിനിമയും തമിഴിൽ എട്ട് സിനിമയും ചെയ്തെങ്കിലും ആദ്യ സിനിമക്ക് ശേഷം ലഭിച്ചത് മിക്കതും ചെറുതും വന്ന് പോകുന്ന വേഷങ്ങളുമായിരുന്നു.സിനിമക്ക് ഒപ്പം തന്നെ 12 വർഷം പ്രൊഫഷണൽ നാടക രംഗത്തും പ്രവർത്തിച്ചു.ലീലയുടെ സിനിമ അഭിനയത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിച്ചത് 10, 000 രൂപയുമാണ്.ലോക്ക് ഡൗൺ നിയന്ത്രണം വരുന്നതിന് മൂന്ന് വർഷം മുൻപ് ലീലക്ക് സിനിമയിൽ നിന്നുള്ള വരുമാനം പൂർണ്ണമായും നിലച്ചിരുന്നു.ഒറ്റപ്പാലം മയിലുംപുറം ഇയ്യാലിൽ വീട്ടിലാണ് ഇപ്പോൾ ലീല താമസിക്കുന്നത്.86 വയസുള്ള അമ്മയും പോളിയോ ബാധിച്ച് ഭിന്ന ശേഷിക്കാരനായ സഹോദരനും ഏക ആശ്രയവും ലീലയാണ്.അമ്മയ്ക്കും സഹോദരനും സർക്കാരിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ ക്ഷേമ പെൻഷൻ കൊണ്ടാണ് ഏവരും കഴിച്ച് കൂട്ടുന്നതും.
ചെറുപ്പം മുതൽ നാടകത്തിന്റെയും സിനിമയുടേയും ലോകത്ത് എത്തപ്പെട്ടതിനാൽ ലീല മറ്റ് ജോലികൾ ചെയ്തിട്ടുമില്ല പരിചയിച്ചിട്ടുമില്ല. പ്രായമായ അമ്മയും ഭിന്നശേഷിയുള്ള സഹോദരനുമൊപ്പം ഇനിയുള്ള ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കക്കിടയിലാണ് ലീലയുടെ ദുരിത ജീവിതം പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര അറിയുന്നത്.ലീലയുടെ അവസ്ഥ സംബന്ധിച്ച കാര്യങ്ങൾ ഷാജി പട്ടിക്കര പ്രമുഖ സിനിമ നിർമ്മാതാവും ചാരിറ്റി പ്രവർത്തകനുമായ നൗഷാദ് ആലത്തൂരിന്റെ ശ്രദ്ധയിൽപെടുത്തി.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഷാജി പട്ടിക്കരയേയും, മറ്റ് ചില സുഹൃത്തുക്കളേയും കൂട്ടി നൗഷാദ് ആലത്തൂർ ലീലയുടെ വീട്ടിൽ എത്തുകയും ലീലക്കും കുടുംബത്തിനും സഹായമായി ഒരു ചെക്ക് നൽകുകയും ചെയ്തു. ചെക്ക് നൽകുന്ന സമയത്ത് മലയാള സിനിമയുടെ താര സംഘടനയായ അമ്മയിൽ ഒരു മെമ്പർ ഷിപ്പ് വാങ്ങി തരാൻ സഹായിക്കണം എന്ന് ലീല, നൗഷാദ് ആലത്തൂരിനോട് അഭ്യർത്ഥിച്ചു.ലീലയുടെ അഭ്യർത്ഥന കേട്ടറിഞ്ഞ അമ്മയുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബു അമ്മയിൽ മെമ്പർഷിപ്പ് ലഭ്യമാക്കുന്നത് സംബന്ധിച്ച് അടുത്ത എക്സിക്കുട്ടീവ് കമ്മറ്റിയിൽ അവതരിപ്പിക്കും എന്ന കാര്യം ഒറ്റപ്പാലം ലീലയെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു.അമ്മയിൽ മെമ്പർഷിപ്പ് കിട്ടിയാൽ പെൻഷൻ മാത്രമല്ല,തലമുറകളായി കൈമാറി കിട്ടിയ 5 സെന്റ് ഭൂമിയിൽ നിലം പൊത്താറായി നിൽക്കുന്ന വീടിന്റെ ദുരിതാവസ്ഥക്ക് ഒരു മാറ്റം വരും. സിനിമയിൽ ഇനിയും വേഷങ്ങൾ കിട്ടും... ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ മരിക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടാകും... എന്നെല്ലാം ഓർത്ത് ഇപ്പോഴും ലീലയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞ് തുളുമ്പുന്നുണ്ട്...