കട്ടപ്പന: വാഹനയാത്രികരെ അപകടത്തിലാക്കുന്ന വിധത്തിൽ കട്ടപ്പന പൊലീസിന്റെ വാഹന പരിശോധന. ഇന്നലെ വൈകിട്ടാണ് തിരക്കേറിയ കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ യാത്രക്കാരെ വലച്ച് പരിശോധന നടത്തിയത്. അവശ്യ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കേറിയ സമയത്ത് വാഹനങ്ങൾ തടഞ്ഞുള്ള പരിശോധന ഗതാഗതക്കുരുക്കിനും കാരണമായി. വാഹനങ്ങൾ തടഞ്ഞിടുന്ന സമയത്ത് സീബ്രാ ലൈൻ കടന്നുപോകാനാവാതെ കാൽനടയാത്രക്കാരും കുടുങ്ങി. കഴിഞ്ഞദിവസം വെള്ളയാംകുടിയിൽ വാർത്ത ശേഖരിക്കാനായി പോയ മാദ്ധ്യമ പ്രവർത്തകനെയും പൊലീസ് തടഞ്ഞിരുന്നു. ഒരുമാസം മുമ്പ് ജോലിക്കായി ഓഫീസിലേക്കു പോയ മറ്റൊരു മാധ്യമ പ്രവർത്തകനെയും പൊലീസ് അകാരണമായി തടഞ്ഞിട്ടിരുന്നു.