തൊടുപുഴ: റബർ കർഷകരും വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണെന്നും ഇതിന് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റും സംസ്ഥാന റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ബോർഡ് മെമ്പറുമായ പ്രൊഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. വ്യാപാരികൾ റബർ വാങ്ങുന്നതിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇതിനുള്ള പ്രധാന കാരണം ടയർ കമ്പനികൾ റബർ വാങ്ങുന്നില്ലെന്നതാണ്. സഹകരണ സംഘങ്ങളും റബർ ഉത്പാദക സംഘങ്ങളും വ്യാപാരികളും കൃഷിക്കാരിൽ നിന്ന് വാങ്ങിയ റബർ വിറ്റഴിക്കാൻ പറ്റാത്തതുമൂലം നാലാം ഗ്രേഡ് റബ്ബർ ഗുണമേന്മ കുറഞ്ഞ ലോട്ട് റബ്ബർ ആയി മാറുകയാണ്. ഇതുമൂലം ഭീമമായ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്. ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാത്തത് മൂലം വിൽക്കുന്നതിനും പ്രതിസന്ധി ഉണ്ട്. ഇപ്പോൾ കൂടുതൽ റബർ കൃഷിക്കാരും റബർ പാലാണ് വിൽക്കുന്നത്. റബർ പാൽ നിറച്ച ആയിരക്കണക്കിന് വീപ്പകൾ വിൽക്കാനാവാതെ തോട്ടങ്ങളിൽ കിടക്കുകയാണ്. കേരളത്തിലെ പത്തു ലക്ഷത്തോളം ചെറുകിട റബർ കൃഷിക്കാർക്കും വ്യാപാരികൾക്കും പിടിച്ചു നിൽക്കണമെങ്കിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാകണം. വ്യാപാരമേഖല സജീവമാകുന്നത് വരെ നിശ്ചിത വിലയ്ക്ക് ചെറുകിട കർഷകരിൽ നിന്ന് റബ്ബർ വാങ്ങുന്നതിനുള്ള സഹായ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.