കുമളി : അതിർത്തി കവാടത്തിലൂടെ കേരളത്തിലേയ്ക്കെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. തിങ്കളാഴ്ച്ച തമിഴ്നാട്ടിൽ നിന്ന് കുമളി വഴി മടങ്ങിവന്നവർ 21 പേർ മാത്രമായിരുന്നെങ്കിൽ ഇന്നലെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. നവജാത ശിശു ഉൾപ്പെടെ 145 പേരാണ് ഇന്നലെ എത്തിയത്.
ഇതിൽ 95 പേർ ഇടുക്കി ജില്ലക്കാരാണ്. നെടുങ്കണ്ടം സ്വദേശികളാണ് നവജാത ശിശുവും മാതാപിതാക്കളും. 51 പേർ മറ്റു ജില്ലകളിലേയ്ക്കുള്ളവരാണ്. ഇന്നലെ രാവിലെ എട്ടു മണിക്ക് തന്നെ അതിർത്തി കടന്ന് ആദ്യ വ്യക്തി എത്തി. കുടുംബസമേതമെത്തിയവരാണ് കൂടുതലും. തെലുങ്കാനയിൽ നിന്നുള്ള ഒരാൾ ഒഴികെ ബാക്കിയുള്ളവർ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. രാവിലെ 8 മുതൽ വൈകിട്ട് 8 മണി വരെയാണ് ഇത്തരത്തിൽ അതിർത്തി കടക്കാൻ അനുവദിക്കുന്നത്
കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിൽ തിരിച്ചെത്തുന്നതിനു സംസ്ഥാന സർക്കാർ ഒരുക്കിയ ഓൺലൈൻ പാസ് സംവിധാനത്തിലൂടെയാണ് ഇവർക്ക് സ്വദേശത്തേക്ക് എത്തിച്ചേരാനായത്. കടന്നുവരുന്നവരെ ആദ്യം ആരോഗ്യവകുപ്പിന്റെ സ്റ്റാളിൽ പരിശോധിച്ച ശേഷം തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്റ്റാളിലേക്കു വിടും. ക്വാറന്റൈയിൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ പരിശോധിച്ച് അറിയിക്കും. റവന്യു,പൊലീസ് വിഭാഗങ്ങളാണ് പാസ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുന്നത്. വീടുകളിൽ ക്വാറന്റൈൻ സൗകര്യമുള്ളവരെ കർശനമായ വ്യവസ്ഥകളോടെ പോകാൻ അനുവദിച്ചു. ക്വാറന്റൈൻ സൗകര്യം തീരെയില്ലാത്തവരെ അതത് ഇടങ്ങളിലെ കൊവിഡ് കേന്ദ്രങ്ങളിൽ പാർപ്പിക്കും. വരുന്ന എല്ലാവർക്കും കുടിവെള്ളം, ടോയ്‌ലെറ്റ്, വിശ്രമം, നിസ്‌കാരം തുടങ്ങിയവയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് അനുമതി ലഭിച്ചു വരുന്ന മുറയ്ക്ക് കടന്നുവരുന്ന എല്ലാവർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വരുംദിനങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് കുമളിയിൽ സജജീകരണങ്ങൾ നടത്തിവരുന്നത്. ഡെപ്യൂട്ടി ഡി എം ഒ ഡോ. സുഷമ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. വി. കുര്യാക്കോസ്, കട്ടപ്പന ഡിവൈ എസ്പി എൻ. സി. രാജ്‌മോഹൻ തുടങ്ങിയവരും വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിവരുന്നു.