തൊടുപുഴ: അയൽക്കാരൻ വീട്ടിൽ ബഹളമുണ്ടാക്കുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടത് ചാരായം വാറ്റുന്ന ഗൃഹനാഥനെ. പരിശോധനയിൽ 700 മില്ലി വാറ്റ് ചാരായവും 50 ലിറ്റർ കോടയും പിടിച്ചെടുത്തു. തൊടുപുഴ തെക്കുംഭാഗത്താണ് സംഭവം. ചവുട്ടാനിയിൽ വീട്ടിൽ ജെയിംസിനെയാണ് തൊടുപുഴ എസ്.ഐ എം.പി സാഗറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വീടിനുള്ളിൽ തന്നെ വാറ്റിയ ചാരായം കുടിച്ച് ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു. കോലാഹലം സഹിക്കാൻ കഴിയാതായതോടെ സമീപവാസികളിൽ ചിലർ പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസെത്തുമ്പോൾ ഇയാൾ വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ജയിംസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രൊബേഷൻ എസ്.ഐ വിദ്യ, എസ്.ഐ പൗലോസ്, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, സുനിൽ, അൻസ്, സാബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.