തൊടുപുഴ: ലോക്ക് ഡൗണിനെ തുടർന്ന് ദീർഘനാളായി അടഞ്ഞുകിടന്ന ടയർ കട തുറന്നപ്പോൾ കണ്ടത് ഉടുമ്പ്. തൊടുപുഴ ഒളമറ്റത്തെ പോൾസൺ ടയേഴ്‌സെന്ന കടയിലാണ് ആറുകിലോ തൂക്കം വരുന്ന ഉടുമ്പിനെ കണ്ടത്. ലോക്ക്ഡൗണിൽ ഇളവുണ്ടായതിനെ തുടർന്നാണ് ഒന്നരമാസത്തിനു ശേഷം ഇന്നലെ രാവിലെ കട തുറന്നത്. അകത്ത് എന്തോ അനക്കം കേട്ട് കടയുടമ ഉള്ളിലൊക്കെ നോക്കിയെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. വീണ്ടും ശബ്ദം കേട്ടതോടെ വിശദമായി നടത്തിയ പരിശോധനയിലാണ് ടയറുകൾക്കിടയിലിരുന്ന വിരുതനെ കണ്ടത്. ഉടൻ ഉടമ വനംവകുപ്പുകാരെ വിവരം അറിയിച്ചു. ഇവരെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഉടുമ്പിനെ കുരുക്കിട്ട് പിടിച്ചു ചാക്കിലാക്കി അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി.