മൂലമറ്റം: നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകൾ വ്യാപകമായി പിടിച്ചിട്ട് പൊലീസ് ഓട്ടോറിക്ഷാ ഡ്രൈവർമാരെ പീഡിപ്പിക്കുന്നതായി പരാതി.ഓറഞ്ച് സോണിൽ ഓട്ടോറിക്ഷകൾക്ക് ഓടുവാൻ അനുമതിയില്ലാത്തത് സാധാരണക്കാരെ വലയ്ക്കുന്നു. മറ്റ് ടാക്സി വാഹനങ്ങൾക്ക് അനുമതി കൊടുത്ത അധികൃതർ സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയെ പടിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ്. ഇന്നലെ കാഞ്ഞാർ സ്റ്റഷനിൽ മാത്രം മുപ്പതോളം ഓട്ടോറിക്ഷകൾ പൊലീസ് പിടികൂടി.വാഹനമില്ലാത്തവരുടെ ആശ്രയമാണ് ഓട്ടോറിക്ഷ.മററ് ടാക്സികൾക്ക് അനുമതി ഉള്ളപ്പോൾ ഓട്ടോറിക്ഷയ്ക്ക് അനുമതി ഇല്ലാത്തത് ഈ മേഖലയിൽ ജോലിയെടുത്ത് അന്നം തേടുന്നവരെ പ്രതിസന്ധിയിലാക്കി. പിടിച്ചെടുക്കുന്ന ഓട്ടോറിക്ഷകൾ കർശന ഉപാധിയോടെയാണ് വിട്ട് നൽകുന്നത്. കഴിഞ്ഞ ദിവസം മുട്ടംപൊലീസും നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകൾ പിടിച്ചെടുത്തിരുന്നു. റേഷൻ വാങ്ങാനും ഗ്യാസ് സിലണ്ടർ എടുക്കാനും ആശുപത്രി ആവശ്യത്തിനും പോകുന്ന ഓട്ടോറിക്ഷകളാണ് പൊലീസ് പിടിച്ചെടുക്കുന്നത്. ചില ഓട്ടോറിക്ഷകൾ ഓടുന്നത് കണ്ണടയ്ക്കുന്ന പൊലീസ് മറ്റുള്ള ഓട്ടോറിക്ഷകൾ പിടിച്ചെടുക്കുന്നത് വിവേചനമാണെന്ന് ഡ്രൈവർമാർ ആരോപിച്ചു.എന്നാൽ ജില്ലയുടെ ചിലയിടങ്ങളിൽ പരിമിതമായി ഓട്ടോറിക്ഷകൾ ഓടുന്നുമുണ്ട്.