മറയൂർ: അവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം അനുവദിച്ചത് മുതലെടുത്ത് പച്ചക്കറി വ്യാപാരം എന്ന പേരിൽ പുകയില ഉത്പന്നം കടത്തിയ ആളെ പൊലീസ് പിടികൂടി.അതിർത്തിയിലെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചെക്ക് പോസ്റ്റുകളിൽ പരിശോധന കഴിഞ്ഞെത്തിയ വാഹനത്തിൽ നിന്നാണ് 300 പക്കറ്റ് നിരോധിത ഉത്പന്നങ്ങൾ മറയൂർ പൊലീസ് കണ്ടെത്തിയത്. മറയൂർ പത്തടിപ്പാലം സ്വദേശിയും ടൂറിസ്റ്റ് കോട്ടേജ് ഉടമയുമയ എ.രാജേഷ് (31) ആണ് പിടിയിലായത്
തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന ചരക്ക് ചിന്നാർ അതിർത്തിയിൽ കേരളത്തിൽ നിന്നും എത്തുന്ന വാഹനത്തിൽ മാറ്റി കയറ്റിയാണ് കൊണ്ടുവരുന്നത്. തമിഴ്‌നാട് വനം വകൂപ്പിന്റെയും രണ്ട് തമിഴ്‌നാട് പൊലീസിന്റെ ചെക് പോസ്റ്റും കേരളത്തിലെ അതിർത്തിയിലുള്ള എക്‌സൈസ് ചെക്ക് പോസ്റ്റും കഴിഞ്ഞാണ് നിരോധിത ഉത്പന്നങ്ങളുമായി മറയൂർ കരിമുട്ടിയിൽ എത്തിയത്. ആരോഗ്യ പ്രവർത്തകരുമായി മറയൂർ പൊലീസ് കരിമുട്ടിയിൽ പരിശോധന നടത്തുന്നതിനിടയിലാണ് പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
മറയൂർ സി. ഐ ജി സുനിൽ, എസ് ഐ ജി അജയ കുമാർ, ടി. എം അബ്ബാസ്, സൈനു ഹരീഷ്‌കുമാർ , അനുമോൻ , പി ടി അനൂപ് , അജീഷ്‌പോൾ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇന്നലെ വൈകിട്ട് പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിൽ എടുത്തത്.