കട്ടപ്പന: പൊലീസ് 'ഓടിപ്പിടുത്ത'ത്തിനു പോയതോടെ തമിഴ്‌നാട്ടിൽ നിന്നു ചരക്കുലോറിയുമായി എത്തുന്ന ഡ്രൈവർമാർ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ. കട്ടപ്പന നഗരസഭയുടെ കർശന നിർദേശമുണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിൽ നിന്നുള്ള ഡ്രൈവർമാർ മാർക്കറ്റിൽആളുകളുമായി അടുത്തിടപഴകി. ആൾക്കൂട്ടം നിയന്ത്രിക്കേണ്ട പൊലീസ് തിരക്കേറിയ ജംഗ്ഷനുകളിലടക്കം ഹെൽമറ്റ് വേട്ടയുടെ തിരക്കിലുമായാൽപ്പിന്നെ ആര് ചോദിക്കാൻ.. കൊവിഡ് വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി, പഴവർഗങ്ങൾ, അവശ്യസാധനങ്ങൾ കയറ്റിവരുന്ന ചരക്കുലോറികളിലെ ഡ്രൈവർമാർക്ക് നഗരസഭ ആരോഗ്യവിഭാഗം കർശന നിർദേശം നൽകിയിരുന്നു. സാധനങ്ങൾ ഇറക്കി പോകുന്നതുവരെ വണ്ടിയിൽ നിന്നു പുറത്തിറങ്ങരുതെന്നും ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും . ചരക്കിറക്കുന്ന ചുമട്ടുതൊഴിലാളികളും ജാഗ്രത പുലർത്തണമെന്നും അറിയിച്ചിരുന്നു.
എന്നാൽ ഇന്നലെ മാർക്കറ്റിൽ സാധനങ്ങൾ കയറ്റിവന്ന ലോറികളിലെ ഡ്രൈവർമാർ പുറത്തിറങ്ങി നടക്കുകയായിരുന്നു. മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുമായി അടുത്തിടപഴകുകയും ചെയ്തു. ഇവരിൽ പലരും മുഖാവരണം പോലും ധരിച്ചിരുന്നില്ല. സാധനങ്ങൾ ഇറക്കിയ ചുമട്ടു തൊഴിലാളികളും ഇവരുമായി അടുത്തിടപഴകി. തൊട്ടടുത്ത് സെൻട്രൽ ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഇതൊന്നുമറിഞ്ഞില്ല. മൂന്നാംഘട്ട ലോക്ക് ഡൗൺ നിലവിൽ വശേഷം കട്ടപ്പന നഗരത്തിൽ തിരക്ക് ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. രാവിലെയും വൈകിട്ടും പൊതുമാർക്കറ്റിലടക്കം ആളുകൾ കൂട്ടം കുടുന്നതും നിർബാധം തുടർന്ന് വരുന്നു..