ഇടുക്കി ജില്ലയിൽ നിലവിൽ ഹോട്ട് സ്‌പോട്ടുകളിൽ ഉൾപ്പെട്ടിരിക്കുന്ന 11 ഗ്രാമപഞ്ചായത്തുകളിലെ വാർഡുകൾ കൺടെയിൻമെന്റ് മേഖലകളായി നിജപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.കൺടെയിൻമെന്റ് മേഖലകൾ ഒഴികെയുള്ള ജില്ലയുടെ മറ്റ് മേഖലകളിൽ ഓറഞ്ച് സോണിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും ബാധകമായിരിക്കുന്നതാണ്.

ഹോട്ട് സ്പോട്ട്

1 മൂന്നാർ വാർഡ് നം. 9, 10, 11, 13, 19
2 നെടുങ്കണ്ടം വാർഡ് നം. 9, 10, 11
3 ഇടവെട്ടി വാർഡ് നം. 9
4 ഇരട്ടയാർ വാർഡ് നം. 9
5 വണ്ടിപ്പെരിയാർ വാർഡ് നം. 5, 9
6 കരുണാപുരം വാർഡ് നം. 12, 13, 14, 15
7 സേനാപതി വാർഡ് നം. 3
8 വാഴത്തോപ്പ് വാർഡ് നം. 8, 14
9 ഏലപ്പാറ വാർഡ് നം. 11, 12, 13
10 ശാന്തൻപാറ വാർഡ് നം. 8
11 വണ്ടൻമേട് വാർഡ് നം. 12, 14

നിയന്ത്രണങ്ങൾ

1. വളരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാൽ നിർബന്ധമായും മുഖാവരണം ധരിക്കണം, സാമൂഹിക അകലം പാലിക്കേണ്ടതും, മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
2. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും, പുറത്തേക്കും അവശ്യ സർവ്വീസുകൾക്കായി നിശ്ചിത റോഡുകളിലൂടെ മാത്രമേ ഗതാഗതം അനുവദിക്കു.
3. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ളവ തുറന്നു പ്രവർത്തിക്കാൻ പാടില്ല. അവശ്യ വസ്തുക്കൾ, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നൽകുന്നതിനുള്ള നടപടികൾ, സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സേവനം വിനിയോഗിച്ച്, നിർവ്വഹിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു. ആവശ്യമെങ്കിൽ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കടകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നൽകാം.
4. കൺടെയിൻമെന്റ് മേഖലകളിലൂടെ അവശ്യ വസ്തുക്കളുമായി ചരക്ക് വാഹനങ്ങൾക്ക് പോകാം.
5. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ തുറന്ന് പ്രവർത്തിക്കാം.
6. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവ തുറന്നു പ്രവർത്തിക്കുവാൻ പാടില്ല. സാമൂഹിക അടുക്കളകൾക്ക് തുടർന്നും പ്രവർത്തിക്കാവുന്നതാണ്.
7. ജില്ലയിലെ പൊതുമേഖലാ/ഷെഡ്യൂൾഡ്/സഹകരണ ബാങ്കുകൾ കൺടെയിൻമെന്റ് മേഖലകളിൽ രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 2 മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്. ബാങ്കുകളിൽ എത്തിചേരുന്ന പൊതുജനങ്ങൾക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തേണ്ടതും, ഒരേസമയം 5 പേരിൽ കൂടുതൽ ബാങ്കിനുള്ളിൽ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കേണ്ടതുമാണ്.