കട്ടപ്പന: കോൺഗ്രസ് വണ്ടൻമേട് മണ്ഡലം കമ്മിറ്റിയിലെ തമ്മിലടിക്കൊടുവിൽ വണ്ടൻമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മാനങ്കേരിയെ ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പാർട്ടിയിൽ നിന്നു പുറത്താക്കി. വണ്ടൻമേട് മണ്ഡലം മുൻ പ്രസിഡന്റുകൂടിയായ സുരേഷ് മാനങ്കേരിയെ എൽ.ഡി.എഫിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കിയത്. മണ്ഡലം പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകിയിരുന്ന രാജ മാട്ടുക്കാരനെ മാറ്റി പുതിയ പ്രസിഡന്റായി ജോർജ് ഉതുപ്പിനെ തെരഞ്ഞെടുത്തതോടെയാണ് അസ്വാരസ്യങ്ങൾ ഉടലെടുത്തത്. 13 വർഷത്തോളം മണ്ഡലം പ്രസിഡന്റായിരുന്ന രാജ മാട്ടുക്കാരൻ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായതോടെ ഒന്നരവർഷം മുമ്പ് സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് വർഗീസ് ചാക്കോയും സുരേഷ് മാനങ്കേരിയും മണ്ഡലം പ്രസിഡന്റായെങ്കിലും പ്രവർത്തനം തൃപ്തികരമല്ലാത്തതിനാൽ രാജ മാട്ടുക്കാരന് വീണ്ടും താത്കാലിക ചുമതല നൽകുകയായിരുന്നു. കഴിഞ്ഞദിവസം യോഗം ചേർന്ന് വണ്ടൻമേട് പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയായ ജോർജ് ഉതുപ്പിനെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇതോടെയാണ് ഐ ഗ്രൂപ്പിൽ ചേരിപ്പോര് ഉടലെടുത്തത്. നേരത്തെ എ ഗ്രൂപ്പിലായിരുന്ന ജോർജ് ഉതുപ്പ് പിന്നീട് ഐ വിഭാഗത്തിലേക്കു മാറിയിരുന്നു. ജോർജ് ഉതുപ്പ് തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജ മാട്ടുക്കാരന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പിലെ എതിർചേരി യോഗവും ചേർന്നിരുന്നു. ഇതിനിടെയാണ് 'എൽ.ഡി.എഫിന്റെ നിലപാടാണ് നല്ലത്' എന്ന് സുരേഷ് മാനങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്. ഇതു ശ്രദ്ധയിൽപെട്ട ഡി.സി.സി. പ്രസിഡന്റ് അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.