നെടുങ്കണ്ടം: വർഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന ഭൂമിയിൽ
പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. നെടുങ്കണ്ടം മാവടിയിൽ നിന്ന് കൈലാസത്തേക്ക് പോകുന്ന റോഡിൽ 150 മീറ്റർ മുകളിൽ നാൽപ്പതേക്കറിലെ ചെങ്കുത്തായ പ്രദേശത്താണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ രാവിലെ 11ന് ഇവിടെ പത്തിരിപ്പൂ ശേഖരിക്കാൻ എത്തിയ ആളാണ് അസ്ഥികൂടം കണ്ടെത്തിയത്. കത്തികരിഞ്ഞ നിലയിൽ കൈലിയും ഷർട്ടും മൊബൈലും കേടുപാടുകൾ സംഭവിക്കാത്ത ഒരു കുടയും സമീപത്ത് നിന്ന് കണ്ടെത്തി. കമ്പികൊണ്ട് മരത്തിൽ ബന്ധിച്ച നിലയിലായിരുന്നു അസ്ഥികൂടം. ഏകദേശം 35 ഏക്കറോളം വിസ്തൃതിയുള്ള പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശമായതിനാൽ ആളുകൾ ഇവിടേക്ക് പോകാറില്ലായിരുന്നു. കൊവിഡ് ഇൻ ചാർജ്ജ് ഡിവൈ.എസ്.പി ആന്റണി, നെടുങ്കണ്ടം സി.ഐ. പി.കെ. ശ്രീധരൻ, എസ്.ഐ ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് പൊലീസ് സർജനും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തും. പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.