കട്ടപ്പന: രണ്ടര മാസത്തിനുശേഷം ചെമ്പകപ്പാറ കൊച്ചുകാമാക്ഷിയിൽ വീണ്ടും നന്നങ്ങാടികൾ കണ്ടെത്തി. കൊച്ചുകുന്നേൽ ഷാജൻ ഫിലിപ്പിന്റെ പുരയിടത്തിൽ നിന്നാണ് മൂന്നാം തവണയും നന്നാങ്ങാടികൾ ലഭിച്ചത്. ലോക്ക് ഡൗൺ കാലത്ത് നിർത്തിയ ആട് ഫാം നിർമാണം ഇന്നലെ പുനരാരംഭിച്ചിരുന്നു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണെടുക്കുന്നതിനിടെയാണ് വലിയ കുടം ശ്രദ്ധയിൽപെട്ടത്. പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വലിയ കുടം ഉടഞ്ഞുപോയെങ്കിലും ഇതിനുള്ളിൽ മൂന്നു ചെറിയ കുടങ്ങൾ ലഭിച്ചു.ഫെബ്രുവരി എട്ടിനും 27 നുമായി ആട് ഫാം നിർമിക്കുന്ന സ്ഥലത്തുനിന്ന് മൂന്നു നന്നങ്ങാടികൾ ലഭിച്ചിരുന്നു. എട്ടിന് നാലടി വലുപ്പമുള്ള രണ്ട് നന്നങ്ങാടികളാണ് ലഭിച്ചത്. ഒരെണ്ണത്തിൽ നിന്നു അസ്ഥി കഷണങ്ങളും ലഭിച്ചിരുന്നു. തുടർന്ന് നെടുങ്കണ്ടത്തെ പുരാവസ്തു ചരിത്ര സംരക്ഷണ സമിതി സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. 27 ന് ഒരു നന്നങ്ങാടിയാണ് ലഭിച്ചത്. നന്നങ്ങാടികളെല്ലാം ഷാജൻ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. പുരാവസ്തു ഗവേഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരുടെ സന്ദർശനം വൈകുകയാണ്.