 പ്രതീക്ഷിക്കുന്നത് നാലായിരത്തിലേറെ പേരെ

തൊടുപുഴ: കൊവിഡ് ഭീതിയെ തുടർന്ന് ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ല റെഡി. ജില്ലയിൽ നാലായിരത്തിലേറെ പ്രവാസികൾ വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നുമായി എത്തുമെന്നാണ് പ്രാഥമിക നിഗമനം. വിദേശികളെല്ലാവരെയും ഏഴ് ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിൽ റെഡ്സോണുകളിൽ നിന്ന് വരുന്നവരെയും ഏഴ് ദിവസം നിരീക്ഷണത്തിലാക്കും. ഇതുകൂടാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കും സെന്ററുകൾ ആവശ്യമാണ്. ജില്ലയിൽ ബ്ലോക്കുകളിലും പഞ്ചായത്തുകളിലുമായി അമ്പതോളം കൊവിഡ് കെയർ സെന്ററുകൾ ഒരുക്കും. ആവശ്യമെങ്കിൽ ഹോട്ടലുകളും റിസോർട്ടുകളും ഏറ്റെടുത്ത് കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ ആരംഭിക്കാനാണ് തീരുമാനം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും നിരീക്ഷണത്തിലുള്ളവരുടെ ഭക്ഷണചുമതല.

വനിതകൾക്കായി തൊടുപുഴയിൽ സെന്റർ

തൊടുപുഴയിൽ വനിതകൾക്ക് വേണ്ടി മാത്രം ഒരു കോവിഡ് കെയർ സെന്റർ വട്ടക്കളം ടൂറിസ്റ്റ് ഹോമിൽ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ തന്നെ അന്യസംസ്ഥാനത്ത് നിന്നെത്തിയ നാല് പേരെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. തൊടുപുഴയിൽ നഗരസഭ ഭക്ഷണത്തിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

സൗകര്യമില്ലാതെ അതിർത്തി പ്രദേശങ്ങൾ

പ്രവാസികളെ നിരീക്ഷണത്തിലാക്കാൻ സൗകര്യമില്ലാതെ അതിർത്തി പ്രദേശങ്ങളിലെ പഞ്ചായത്തുകൾ. തോട്ടംമേഖലയിലെ കുടുസു ലയങ്ങളിൽ തിരികെയെത്തുന്നവർക്ക് നിരീക്ഷണത്തിൽ കഴിയാനാകില്ല. സ്‌കൂളുകളും റിസോർട്ടുകളും ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.