തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ചുമതല
ഇടുക്കി: വെള്ളപ്പൊക്കം തടയുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. പുഴകളിലെയും മറ്റിതര ജലസ്രോതസുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണൽ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്ത് പുഴകളുടെയും നീർച്ചാലുകളുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കണമെന്നാണ് ജില്ലാ ഭരണകൂടം തദ്ദേശസ്ഥാപനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. പുഴകളിലെ മണൽ, ചെളി, പാറ, എക്കൽ എന്നിവ നീക്കണം. ജൂൺ ആദ്യവാരത്തിന് മുമ്പ് തന്നെ പുഴകളുടെയും ആറുകളുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്നു . പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയുന്നതിന് ദുരന്ത നിവാരണ ഫണ്ടും റിവർമാനേജ്‌മെന്റ് ഫണ്ടും ഉപയോഗപ്പെടുത്താം.
മണൽ നീക്കംചെയ്യാൻ
അനുമതി വേണ്ട
ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളിലെയും പുഴകളും നീർച്ചാലുകളും അതത് പ്രാദേശിക ഭരണകൂടങ്ങൾക്ക് സ്വന്തം നിലയിൽ വൃത്തിയാക്കുന്നതിന് തീരുമാനിക്കാം.പുഴകളിൽ നിന്നും മണൽ വാരുന്നതിനും പാറകൾ പൊട്ടിച്ചു നീക്കുന്നതിനും പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നും സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.പുഴയിൽ അടിഞ്ഞുകൂടിയ മണൽ വാരി കഴുകി വൃത്തിയാക്കി വിൽക്കുന്നതിനും കല്ലും പാറയും പൊട്ടിച്ച് വിൽപ്പന നടത്താനും ബന്ധപ്പെട്ട റിവർ മാനേജ്‌മെന്റ് കമ്മിറ്റിയ്ക്ക് പൂർണ്ണമായ അധികാരമുണ്ടായിരിക്കും.
ഇനി ഞാൻ ഒഴുകട്ടെ
പുഴകളെ വീണ്ടെടുക്കുന്നതിനും അവയുടെ ഒഴുക്ക് സുഗമമാക്കുന്നതിനുമായി ഹരിത കേരളമിഷന്റെ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ തുടർച്ചയെന്ന നിലയിലാണ് ഈ നവീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ നടത്തിപ്പിനായി ഒരു ലക്ഷം രൂപ വീതം ചെലവിടുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നേരത്തേ അനുമതി നൽകിയിരുന്നു. ഈ തുക വിനിയോഗിച്ചും പുഴകളിലെ തടസ്സങ്ങൾ നീക്കാം. പുഴകളിൽ അടിഞ്ഞുകൂടിയ മണൽ, ചെളി, പാറ, എക്കൽ, മരം എന്നിവ വെള്ളപ്പൊക്കത്തിന് ഒരു കാരണമായെന്ന് പ്രളയനാന്തരം സർക്കാർ, സ്വകാര്യ ഏജൻസികൾ നടത്തിയ പഠനം കണ്ടെത്തിയിരുന്നു.ഡാമുകളുടെയും മറ്റു റീസർവോയറുകളുടെയും സംഭരണശേഷിയിൽ വന്ന കുറവും പ്രളയത്തിനിടയാക്കിയിരുന്നു.