dean1

കട്ടപ്പന: ഇടുക്കിക്ക് സമ്പൂർണ കാർഷിക പക്കേജ് അനിവാര്യമാണെന്ന് ഡീൻ കുര്യക്കോസ് എം.പി. കനത്ത മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായ കാഞ്ചിയാർ പഞ്ചായത്തിലെ വീടുകളും കൃഷിയിടങ്ങളും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വിളനാശമുണ്ടായ കർഷകരുടെ വായ്പകൾ എഴുതിത്തള്ളണമെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായും എം.പി. പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ കോടികളാണ് സംഭാവന നൽകുന്നത്. ഇതിൽ നിന്നു കർഷകർക്ക് ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടുതലപ്പാറമ്പിൽ ദേവസ്യച്ചൻ, ആലപ്പാട്ട് സാബു, കൊടിച്ചിൻകോട്ട് ബിനോയി, കണ്ണംകുളത്ത് റോസമ്മ ചക്കോ എന്നിവരുടെ തകർന്ന വീടുകളും കൃഷിയിടങ്ങളും എം.പി. സന്ദർശിച്ചു. കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് ജോയി ഈഴക്കുന്നേൽ, കെ.എസ്.യു. ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, യുത്ത് കോൺഗ്രസ് നേതാക്കളായ ആൽബിൻ മണ്ണഞ്ചേരി, അലൻ സെബാസ്റ്റ്യൻ, ആൽബിൻ മാത്യു, യൂത്ത് ഫ്രണ്ട് നേതാവ് ജേമോൻ പൊടിപാറ എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.
ഏപ്രിൽ 27ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കാഞ്ചിയാറിലെ 27 വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. 95 ലക്ഷം രൂപയുടെ വിളനാശമാണ് ഉണ്ടായത്. ഇടപ്പറമ്പിൽ ചന്ദ്രൻ പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്ത 1000 വാഴയും 1000 മാലി മുളക് ചെടികളും നശിച്ചു. ഒന്നരമാസം കഴിഞ്ഞാൽ വിളവെടുക്കാമായിരുന്ന വാഴകളാണ് നിലംപൊത്തിയത്. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.