mani

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഓട്ടോ തൊഴിലാളി ഭൂമി നൽകി.

മണക്കാട് : കൊറോണക്കാലത്ത് പലരും പല രീതിയിലുള്ള സംഭാവനകൾ സർക്കാരിനും മറ്റ് സംഘടനകൾക്കും വ്യക്തികൾക്കും നൽകി. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്ഥരായിരിക്കുകയാണ് തൊടുപുഴ മണക്കാട് തഴക്കൽ വീട്ടിൽ ടി.സി. സെബാസ്റ്റ്യനും ഭാര്യ സൽമ സെബാസ്‌ററ്യനും. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിലെ അനുഭവങ്ങൾ പഠിപ്പിച്ചത് പറ്റുമ്പോഴൊക്കെ മറ്റുള്ളവരെ സഹായിക്കുകയെന്നതാണ്. ഈ ചിന്താഗതി അന്വർഥമാക്കും വിധം ഇന്നവർ തങ്ങളുടെ പേരിൽ ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തൊടുപുഴയിൽ ഓട്ടോ തൊഴിലാളിയാണ് സെബാസ്റ്റ്യൻ. തൊടുപുഴ ഇൻഡസ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ് സൽമ. ഏക മകൻ ബിറ്റാസ് വിദേശത്താണ്. കേരള യുക്തിവാദി സംഘം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കേരള മിശ്രവിവാഹവേദി സംസ്ഥാന സമിതിയംഗവുമായ സെബാസ്റ്റ്യനും ഭാര്യ സൽമയും തങ്ങളുടെ അദ്ധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ അഞ്ച് സെന്റ് സ്ഥലമാണ് സംഭാവന നൽകിയത്. എറണാകുളം ജില്ലയിലെ ആയവന പഞ്ചായത്തിൽ ഏനാനല്ലൂർ വില്ലേജിലാണ് സ്ഥലം. 1989 ലായിരുന്നു വ്യത്യസ്ഥ മത വിഭാഗത്തിൽപ്പെട്ട സെൽമയുടേയും സെബാസ്റ്റ്യന്റെയും പ്രണയ വിവാഹം. .
മകൻ വളർന്ന് നെടിയശാലയിൽ സ്വന്തമായി സ്ഥലംവാങ്ങി വീടുവച്ചപ്പോഴാണ് തങ്ങളുടെ പേരിലുണ്ടായിരുന്ന ഭൂമി മറ്റാർക്കെങ്കിലും ദാനം ചെയ്യാമെന്ന് സെബാസ്റ്റ്യനും സൽമയും തീരുമാനിച്ചത്.. ഇതിനിടെയാണ് കൊറോണ പടർന്ന് പിടിച്ചത്. ഇതോടെയാണ് തങ്ങളുടെ ഭൂമി സർക്കാരിലേക്ക് നൽകാൻ തീരുമാനിച്ചത്.
തൊടുപുഴ കൃഷ്ണപിള്ള സ്മാരകത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.എം. മണിക്ക് സെബാസ്റ്റ്യനും സൽമയും സ്ഥലം കൈമാറാനുള്ള സമ്മതപത്രം കൈമാറി. കേരളാ യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗങ്ങളായ എൻ.കെ.ദിനേശ്, ഷിജി ജെയിംസ്, തൊടുപുഴയിലെ പൊതുപ്രവർത്തകരായ ടി.ആർ.സോമൻ, മുഹമ്മദ് ഫൈസൽ, വി.വി.മത്തായി എന്നിവരും സംബന്ധിച്ചു.