ഇടുക്കി : പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വായ്പ തിരിച്ചടക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ എസ്.ബി.ഐ കളക്ട് വഴിയാണ് തിരിച്ചടവിന് അവസരം. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ്, എൻ.ഇ.എഫ്.റ്റി/ ആർ.റ്റി.ജി.എസ്, യു.പി.ഐ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. യു.പി.ഐ /റൂപ്പെ ഡെബിറ്റ് എന്നിവ മുഖേനയുള്ള തിരിച്ചടവിന് സർവ്വീസ് ചാർജ്ജ് ഈടാക്കില്ല. തിരിച്ചടവ് രസീത് എസ്.ബി.ഐ കളക്ടിൽ നിന്ന് ലഭിക്കും. മുൻ തിയതികളിൽ എസ്.ബി.ഐ കളക്ട് മുഖേന നടത്തിയിട്ടുള്ള തിരിച്ചടവുകളുടെ രസീതും ലഭിക്കും. ഇതിന് പുറമെ കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകൾ മുഖേനയും എസ്.ബി.ഐ ശാഖകൾ മുഖേനയും വായ്പ തിരിച്ചടക്കാം. https://bit.ly/3aYQrK0 എന്ന ലിങ്ക് മുഖേനയോ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്‌തോ തിരിച്ചടവ് നടത്താം. വിശദമായ മാർഗ്ഗനിർദ്ദേശം, തിരിച്ചടവ്, ലിങ്ക് എന്നിവ കോർപ്പറേഷന്റെ www.ksbcdc.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.