തൊടുപുഴ: ഒരു മാസത്തിലേറെ നീണ്ട ലോക്ക്ഡൗണിന് ശേഷം ആദ്യപടിയായി കള്ളുഷാപ്പുകൾ തുറക്കുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് മദ്യപർ. ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതും കാത്ത് ഇരുന്ന് മടുത്തപ്പോഴാണ് കള്ളുഷാപ്പുകൾ 13 മുതൽ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. 'ഷാപ്പെങ്കിൽ ഷാപ്പ്, എങ്ങനെയും ഒന്ന് തുറന്നാൽ മതിയെന്നാണ് മദ്യപരുടെ ചിന്ത". പക്ഷേ, വിചാരിക്കുംപോലെ അത്ര എളുപ്പമല്ല ഷാപ്പിലെ പാഴ്സൽ കള്ളുവിൽപ്പന
നുരപൊന്തും പ്രശ്നങ്ങൾ
ഷാപ്പ് ലേലം കഴിഞ്ഞെങ്കിലും ആരും ഇതുവരെ ലൈസൻസ് ഫീ അടച്ചിട്ടില്ല. ഫീസയ്ക്കടക്കാതെ ഷാപ്പുകൾ എങ്ങനെ തുറക്കാനാകുമെന്നാണ് ആശങ്ക
വിദേശമദ്യം പോലെ കള്ള് കുപ്പി അടച്ചുപൂട്ടി നൽകാനാകില്ല. തുറന്നാൽ നുരഞ്ഞ് പുറത്തുചാടും. മുറുക്കിയടച്ചാൽ കുപ്പി പൊട്ടി പുറത്ത് ചാടും. പുറത്തായാൽ രൂക്ഷഗന്ധമെങ്ങും പരക്കും
ജില്ലയിൽ 70 ശതമാനം കള്ളും വരുന്നത് പാലക്കാട് നിന്നാണ്. മറ്റ് ജില്ലകളിൽ നിന്ന് കള്ള് കൊണ്ടുവരുന്ന കാര്യത്തിൽ ആശയകുഴപ്പം
കള്ള് ഷാപ്പുകളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് ഇതുവരെ അതത് ജില്ലകൾക്ക് ഉത്തരവ് നൽകിയിട്ടില്ല
ഹൈറേഞ്ചിൽ പ്രിയം പന, താഴെ തെങ്ങ്
ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിലാണ് ഷാപ്പുകൾ കൂടുതലുള്ളത്. ചെത്തും ഇവിടെ കൂടുതലുണ്ട്. പനങ്കള്ളിനോടാണ് ഹൈറേഞ്ചുകാർക്ക് പ്രിയം. ആവശ്യമായ കള്ളിന്റെ അമ്പത് ശതമാനത്തോളമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ലോറേഞ്ച് മേഖലയിൽ തെങ്ങിൻകള്ളിനോടാണ് പ്രിയം. എന്നാൽ ചെത്ത് തീരെ കുറവാണ്. 80 ശതമാനവും പാലക്കാട് നിന്ന് വരണം.
ഷാപ്പിലെ കറിയും രുചിക്കാം
പലരും ഷാപ്പിൽ പോയി കള്ള് കുടിക്കുന്നത് തന്നെ അവിടത്തെ രുചിയേറിയ ഭക്ഷണം കഴിക്കാനാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പല ഷാപ്പുകളും ഇപ്പോൾ റസ്റ്റോറന്റുകളായി രൂപാന്തരം പ്രാപിച്ചു. സ്ത്രീകളടക്കം കുടുംബമായെത്തി ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നത് പതിവ് കാഴ്ചയാണ്. ഹോട്ടലുകൾക്ക് പാഴ്സലായി ഭക്ഷണം നൽകാൻ അനുമതി ഉള്ലതുപോലെ കള്ളിനൊപ്പം ഷാപ്പിലെ കറിയും നൽകുന്നതിന് തടസമില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
'ജില്ലയിൽ ഇരുന്നൂറിലേറെ ഷാപ്പുകളാണ് പ്രവർത്തനക്ഷമമായുള്ളത്. ഷാപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉടൻ കൊവിഡ് മുൻകരുതലുകളെടുത്ത് പ്രവർത്തിക്കാനുള്ള നടപടികൾ എടുക്കും. സാമൂഹ്യഅകലം പാലിച്ച് ഏതെങ്കിലും ഒരു കൗണ്ടറിലൂടെയാകും വിൽപ്പന. കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം ദൂരെ പ്രദേശങ്ങളിൽ നിന്നൊന്നും കള്ള് വാങ്ങാൻ ആള് വരുമെന്ന് കരുതുന്നില്ല"
- ജി. പ്രദീപ് (ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ)
കള്ളിലെ കണക്ക്
ജില്ലയിലാകെയുള്ള ഷാപ്പുകൾ- 240
സ്വന്തമായി ഉത്പാദിപ്പിക്കുന്നത്- 30 ശതമാനം
ഒരാൾക്ക് കൈവശം വയ്ക്കാവുന്നത്- നാല് ലിറ്റർ