കട്ടപ്പന: വണ്ടൻമേട് പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു കാൽനടയായി കട്ടപ്പനയ്ക്ക് പുറപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെയാണ് ജാർഖണ്ട് സ്വദേശികളായ എട്ടുപേർ കടശിക്കടവിൽ നിന്നു കാൽനടയായി കട്ടപ്പനയിലേക്കു പുറപ്പെട്ടത്. വണ്ടൻമേട് കടശിക്കടവിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികളായ ഇവർ സ്വദേശത്തേയ്ക്ക് മടങ്ങുന്നവരുടെ രജിസ്‌ട്രേഷൻ കട്ടപ്പന വില്ലേജ് ഓഫീസിൽ നടക്കുന്നതായി അറിഞ്ഞായിരുന്നു യാത്ര. പുളിയൻമല കമ്പനിപ്പടിയിലെത്തിയ ഇവർ റോഡരികിൽ വിശ്രമിക്കുന്നതിനിടെ ശ്രദ്ധയിൽപെട്ട നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇവരെ കാര്യങ്ങൾ ധരിപ്പിച്ച് തോട്ടത്തിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.