ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
നെടുങ്കണ്ടം: മാവടി നാൽപ്പത് ഏക്കറിൽ കണ്ടെത്തിയ അസ്ഥികൂടം മാവടി പ്രദേശവാസിയുടേതാണോയെന്ന് സംശയം. സെപ്തംബറിൽ മാവടി സ്വദേശി സുരേഷ് എന്ന ആളിനെ കാണാതായെന്ന് ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിവരുമ്പോഴാണ് കത്തിക്കരിച്ച നിലയിൽ അസ്ഥികൂടം മാവടി നാല്പത് ഏക്കറിലെ വിജനമായ സ്ഥലത്ത് കണ്ടെത്തുന്നത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കൊവിഡ് 19 പ്രത്യേക വിഭാഗം ഡിവൈ.എസ്.പി ടി.എ. ആന്റണി, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ, നെടുങ്കണ്ടം സി. ഐ പി.കെ. ശ്രീധരൻ, നെടുങ്കണ്ടം എസ്.ഐ കെ. ദിലീപ്കുമാർ എന്നിവർ അന്വേഷണസംഘത്തിലുണ്ട്. ഇന്നലെ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിനായി അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 11.30നാണ് പത്തിരിപൂവ് ശേഖരിക്കുന്നതിനിടെ ഒരാൾ അസ്ഥികൂടം കാണുന്നത്. മാവടിയിൽ നിന്ന് കൈലാസത്തേക്ക് പോകുന്ന റോഡിൽ നിന്ന് 150 മീറ്റർ മുകളിലായുള്ള നാൽപ്പതേക്കറിലെ ചെങ്കുത്തായ പ്രദേശത്താണ് അസ്ഥികൂടം കണ്ടെത്തിയത്. പൂർണമായും കത്തിയ നിലയിൽ കൈലിയും ഷർട്ടും മൊബൈൽഫോണും കോടുപാടുകൾ സംഭവിക്കാത്ത ഒരു കുടയും സമീപത്ത് നിന്ന് കണ്ടെത്തി. കമ്പികൊണ്ട് അസ്ഥികൂടം മരത്തിൽ ബന്ധിച്ചിരുന്നു. കൃഷിയിറക്കാതെ വർഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലമാണിത്. പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശമായതിനാൽ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു.
''പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണെന്ന് ഉറപ്പിക്കാനാകൂ. പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായില്ലെങ്കിൽ കെമിക്കൽ പരിശോധന നടത്തേണ്ടതായി വരും. തലയോട്ടി പരിശോധനയും ഡി.എൻ.എ പരിശോധനയും നടത്തിയാൽ മാത്രമേ ആരുടെ മൃതദേഹമാണ്
ഇതെന്ന് വ്യക്തമാകൂ. കണ്ടെത്തിയ അസ്ഥികൂടം സുരേഷിന്റെ തന്നെയാണോയെന്ന് അറിയാൻ വിദഗ്ദ്ധ പരിശോധന ഫലം ലഭിക്കണം.""
-പി.കെ. മധു (ജില്ലാ പൊലീസ് സൂപ്രണ്ട്)