കട്ടപ്പന: കല്യാണത്തണ്ടിലെ മലഞ്ചെരുവിലെ വാറ്റുകേന്ദ്രം എക്‌സൈസ് സംഘം നശിപ്പിച്ചു. ഇവിടെ നിന്നു 1000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കല്യാണത്തണ്ടിലെ അഞ്ചുരുളിക്കുടിക്ക് മുകളിലുള്ള ചെങ്കുത്തായ പാറയിടുക്കിലായിരുന്നു വാറ്റുകേന്ദ്രം. പ്ലാസ്റ്റിക് പടുത ഉപയോഗിച്ച് നിർമിച്ച കുളത്തിൽ 800 ലിറ്റർ കോടയും കന്നാസിൽ 200 ലിറ്റർ കോടയുമാണ് സൂക്ഷിച്ചിരുന്നത്. അടുപ്പിൽ വ്യാജമദ്യം തയാറാക്കുന്നതിനായി കലങ്ങളും ഇല്ലിച്ചട്ടിയും ഉൾപ്പെടെ തയാറാക്കിയിരുന്നു. സമീപവാസിയായ പ്രതിയെക്കുറിച്ച് എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ കാലത്ത് കട്ടപ്പന എക്‌സൈസ് സംഘം പിടികൂടിയത് 3000 ലിറ്റർ കോടയാണ്. ഇൻസ്‌പെക്ടർ കെ.ബി. ബിനു, പ്രിവന്റീവ് ഓഫീസർമാരായ പി.ബി. രാജേന്ദ്രൻ, വി.പി. സാബുലാൽ, സി.ഇ.ഒമാരായ സജിമോൻ രാജപ്പൻ, ജസ്റ്റിൻ പി.ജോസഫ്, സിറിൾ ജോസഫ്, എസ്. ശ്രീകുമാർ, ഷിജോ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.