മൂന്നാർ: അയൽ സംസ്ഥാനങ്ങളിൽ നിന്ന് മൂന്നാറിലെത്തുന്നവരെ റിസോർട്ടുകളിലും എസ്റ്റേറ്റ് മേഖലകളിൽലെത്തുന്നവരെ എസ്റ്റേറ്റ് ആശുപത്രികളിലും നിരീക്ഷണത്തിൽ പാർപ്പിക്കും. നിലവിൽ മൂന്നാറും ദേവികുളവും കേന്ദ്രീകരിച്ച് എത്തുന്നവരുടെ അപേക്ഷകൾ 700ന് അടുത്താണെങ്കിലും അതിർത്തി കടക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. എസ്റ്റേറ്റ് മേഖലകൾ കേന്ദ്രീകരിച്ച് എത്തുന്നവരെ കമ്പനി അധികൃതർ എസ്റ്റേറ്റ് ആശുപത്രികളിൽ നിരീക്ഷണത്തിലാക്കണം. മറ്റിടങ്ങളിൽ എത്തുന്നവരെ പഴയ മൂന്നാറിലെ ശിക്ഷക് സദനിലോ ഏതെങ്കിലും ബഡ്ജറ്റ് ഹോട്ടലുകളിലോ പാർപ്പിക്കും. എണ്ണം ഗണ്യമായി വർദ്ധിച്ചാൽ സ്‌കൂളുകളും മറ്റും ഏറ്റെടുത്ത് കൂടുതൽ സൗകര്യമൊരുക്കുമെന്ന് ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ വ്യക്തമാക്കി. അതിർത്തി മേഖലയുമായി ചേർന്ന് കിടക്കുമ്പോഴും പുതിയകൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആരോഗ്യപ്രവർത്തകർക്കും
പ്രാദേശിക ഭരണകൂടത്തിനും ആശ്വാസം നൽകുന്നുണ്ട്. എങ്കിലും തമിഴ്‌നാട്ടിൽ നിന്നടക്കം കൂടുതൽ പേരെത്തുന്ന സാഹചര്യം കൂടുതൽ സങ്കീർണ്ണമാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് പൊലീസും റവന്യു വിഭാഗവും ആരോഗ്യവിഭാഗവും മൂന്നാറിൽ സ്വീകരിക്കുന്നത്.