തൊടുപുഴ:റംസാൻ കാലമാണെന്നോ വൈദ്യുതി മുടങ്ങിയാൽ വിശ്വാസികൾ ഏറെ ദുരിതത്തിലാകുമെന്നോ വൈദ്യുതിക്ക് അറിയില്ല.റംസാൻ വ്രതം എടുക്കുന്നതിന് വേണ്ടി എല്ലാ ദിവസവും ഇടയത്താഴം കഴിക്കണം.ഇതിന്റെ സമയം വെളുപ്പിന് ഏകദേശം 4 മുതൽ 4.45 വരെയുള്ള സമയങ്ങളിലാണ്.ഈ സമയങ്ങളിൽ തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും മിക്കവാറും എല്ലാ ദിവസങ്ങളിലും വൈദ്യുതി മുടക്കം പതിവാണ്. ഇത് നോമ്പ് എടുക്കുന്ന ആളുകൾക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുമുണ്ട്. കൂടാതെ നോമ്പ് തുറക്കുന്ന സമയം വൈകുന്നേരങ്ങളിലും വൈദ്യുതി മുടക്കം അതി രൂക്ഷമാണ്.കൊവിഡ് ജാഗ്രത നില നിൽക്കുന്നതിനാൽ റംസാൻ ആരംഭിച്ചെങ്കിലും മുസ്ലിം പള്ളികൾ ഒന്നും തുറക്കാൻ സാധിച്ചിട്ടില്ല.ഇക്കാരണത്താൽ വിശ്വാസികൾ ഏവരും അവരവരുടെ വീടുകളിലാണ് പ്രാർത്ഥനകൾ ചെയ്യുന്നതുംവിശ്വാസികൾ വീടുകളിലാണെങ്കിലും പകൽ സമയത്തുള്ള കൊടും ചൂട് ഏവർക്കും അസഹ്യമാണ്. ഈ സാഹചര്യത്തിൽ രൂക്ഷമായ വൈദ്യുതി മുടക്കവും ഏറെ ദുരിതമാണ് നൽകുന്നത്.വൈദ്യുതി സംബന്ധമായ പണികൾ ചെയ്യുമ്പോൾ അത് കാലേകൂട്ടി മാദ്ധ്യമങ്ങളിലൂടെ പൊതു ജനത്തെ മുൻപ് അറിയിച്ചിരുന്നു.എന്നാൽ ഇപ്പോൾ അത്തരം കാര്യങ്ങൾ ഇല്ലാതായി.വൈദ്യുതി ലൈനിൽ പണികൾ എപ്പോൾ ആരംഭിക്കും പണികൾ പൂർത്തിയാക്കി വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കും എന്ന കാര്യങ്ങൾ അറിയാതെ ജനം വട്ടം കറങ്ങുന്ന അവസ്ഥയാണ് നില നിൽക്കുന്നതും.