തൊടുപുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവുകൾ വന്നതോടെ ജില്ലയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. 11 പഞ്ചായത്തുകളിലെ 25 വാർഡുകളിലുണ്ടായിരുന്ന നിയന്ത്രണം മൂന്നുപഞ്ചായത്തുകളിലെ ആറ് വാർഡുകളിൽ മാത്രമായി ജില്ലാ കളക്ടർ ചുരുക്കി. തൊടുപുഴ ഇടവെട്ടിയിലെ വാർഡും, വണ്ടിപ്പെരിയാറിലെ വാർഡുകളും ഇതോടെ ഒഴിവായി. ഇവിടങ്ങളിൽ ഇനി ഓറഞ്ച് സോൺ നിയന്ത്രണങ്ങൾ മാത്രമാണുണ്ടാവുക. ഹോട്ട്‌സ്‌പോട്ടുകളിൽ പഴയനില തുടരും. എല്ലാ വിഭാഗത്തിലുമുള്ള കടകൾ തുറന്നതോടെ വ്യാപാര മേഖലയിലും കെടുതികളിൽ നിന്ന് തിരിച്ച് വരാനുള്ള ശ്രമത്തിലാണ്. കൂടുതൽ തൊഴിലാളികൾക്ക് ജോലി ലഭിച്ച് തുടങ്ങിയെന്നതാണ് ലോക്ക് ഡൗൺ ഇളവുകളുടെ ഏറ്റവും വലിയ പ്രത്യേകത. അസംഘടിത മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് പണിയിടങ്ങളിലേക്ക് മടങ്ങിയെത്താനായി. വസ്ത്രശാലകൾ, ഫാൻസി സ്റ്റോറുകൾ, ഹോട്ടലുകൾ, മൊബൈൽ ഫോൺ കടകൾ, വർക്ക് ഷോപ്പുകൾ, നിർമ്മാണ മേഖല, തൊഴിലുറപ്പ് തുടങ്ങിയവ പ്രവർത്തന സജ്ജമായി തുടങ്ങി. ഇതോടെ ഒരു മാസത്തിലേറെ നീണ്ട തൊഴിൽ നഷ്ടത്തിന് ശേഷം തൊഴിലിടത്തിലേക്ക് വരുന്നവരുടെയും മടങ്ങുന്നവരുടെയും തിരക്ക് നിരത്തുകളിൽ ദൃശ്യമാണ്.
പോസിറ്റീവല്ലാതെ 10 ദിനം
തുടർച്ചയായ 10-ാനം ദിവസവും ഇടുക്കിയിൽ രോഗബാധിതരില്ല. അടുത്തടുത്ത ദിവസങ്ങളിൽ 14 പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് റെഡ് സോണിലേക്ക് മാറിയ ഇടുക്കി കഴിഞ്ഞ ദിവസം ഓറഞ്ച് സോണിലെത്തിയിരുന്നു. ജില്ലയിൽ 13 പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഇടുക്കി സ്വദേശിയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഏലപ്പാറയിലെ ആശാവർക്കർ മാത്രമാണ് നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മാദ്ധ്യമപ്രവർത്തകരുടെ ഫലവും നെഗറ്റീവ്
ഇടുക്കിയിൽ ആദ്യഘട്ടത്തിൽ സ്രവ പരിശോധന നടത്തിയ നാലു മാധ്യമപ്രവർത്തകരുടെ ഫലം നെഗറ്റീവാണ്. ഇന്നലെ 53 പേരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലാകെ 1095 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ രണ്ടുപേർ മാത്രമാണ് ആശുപത്രികളിലുള്ളത്. ഇന്നലെ മാത്രം 95 പേരെ നിരീക്ഷണത്തിലാക്കി.
നിലവിലെ ഹോട്ട്‌സ്‌പോട്ടുകൾ
ഏലപ്പാറ പഞ്ചായത്ത്- വാർഡ് 11,12,13
ശാന്തൻപാറ പഞ്ചായത്ത്- വാർഡ് 8
വണ്ടൻമേട് പഞ്ചായത്ത്- വാർഡ് 12,14