ഇ-ലേലം വൈകും
കട്ടപ്പന: സ്‌പൈസസ് ബോർഡിന്റെ ഏലക്കാ ഇ-ലേലം പുനരാരംഭിക്കാൻ വൈകും. ലോക്ക് ഡൗൺ മൂന്നാംഘട്ടം ആരംഭിച്ചതോടെ കഴിഞ്ഞദിവസം കളക്‌ട്രേറ്റിൽ ചേരാനിരുന്ന ആലോചനയോഗം മാറ്റിവച്ചിരുന്നു. അതേസമയം മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ തുറന്നതോടെ ഏലക്കാ വിലയിലും മുന്നേറ്റമുണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വിളവെടുത്ത (ഇരുപ്പുകായ) ഏലക്കായ്ക്ക് 1900 രൂപ വരെ വില ലഭിക്കുന്നുണ്ട്. ഇപ്പോൾ വിളവെടുത്ത കായയ്ക്ക് 1500 മുതൽ 1600 രൂപ വരെയും വിലയുണ്ട്. അടച്ചിടൽ കാലത്ത് 1000 രൂപയിലേക്ക് കൂപ്പുകുത്തിയ ഏലക്കാവില ഉയർന്നത് കർഷകർക്ക് ആശ്വാസകരമാണ്. എന്നാൽ ഇ-ലേലം പുനരാരംഭിക്കാത്തത് ആഭ്യന്തര വിപണികളിൽ വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കുന്നു.
മാർച്ച് 19ന് ഏലക്കാ ലേലം അവസാനിച്ചപ്പോൾ ശരാശരി വില കിലോഗ്രാമിനു 2359 രൂപയായിരുന്നു. സമ്പൂർണ ലോക്ക്ഡൗൺ കാലത്ത് വില 1000 രൂപയിലേക്ക് താഴ്ത്തിയിരുന്നു. ചില മേഖലകളിൽ കിലോഗ്രാമിനു 850 രൂപയ്ക്ക് വരെ ഏലക്കാ സംഭരിച്ചിരുന്നു.
ഗത്യന്തരമില്ലാതെയാണ് പല കർഷകരും ഉൽപന്നം വിറ്റഴിച്ചത്. ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ മലഞ്ചരക്ക് കടകൾ തുറന്നതോടെയാണ് വിലയിൽ ഭേദപ്പെട്ട മുന്നേറ്റമുണ്ടായത്. കൂടാതെ ഓൺലൈൻ അവധി വ്യാപാരവും 1600,1700 രൂപയ്ക്ക് നടക്കുന്നുണ്ട്. എന്നാൽ ഇതിനേക്കാൾ ഭേദപ്പെട്ട വില ആഭ്യന്തര വിപണിയിൽ ലഭിക്കുന്നുണ്ട്.
സൗദിയിൽനിന്ന്
ആശ്വാസവാക്ക്
ഇന്ത്യയിൽ നിന്നുള്ള ഏലക്കയിൽ കീടനാശിനിയുടെ അളവ് കൂടുതലാണെന്നു കാട്ടി സൗദി ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചത് കർഷകർക്ക് ഗുണകരമായേക്കും. റംസാൻ മാസമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഏലക്കയ്ക്ക് ആവശ്യമേറെയാണ്. സൗദി ഫുഡ് അൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും സ്‌പൈസസ് ബോർഡും റിയാദിൽ നടത്തിയ ചർച്ചയിലാണ് ഗുണമേന്മ മാനദണ്ഡങ്ങൾ ഏകീകരിച്ച് നിരോധനം പിൻവലിച്ചത്. 200 ടൺ ഏലക്ക സൗദി വാങ്ങുമെന്നാണ് സ്‌പൈസസ് ബോർഡിന്റെ കണക്കുകൂട്ടൽ. ഉയർന്ന ഗ്രേഡ് ഏലക്കയാണ് സൗദിക്ക് ആവശ്യം.
തൊഴിലാളികളില്ലാത്തത്
'പണി'യായി
ജൂൺ, ജൂലായ് മാസത്തിലെ അടുത്ത സീസണിനു മുന്നോടിയായി ഏലത്തോട്ടങ്ങളിൽ ജോലികൾ നടക്കുന്നുണ്ടെങ്കിലും തൊഴിലാളികൾ ഇല്ലാത്തത് കർഷകരെ വെട്ടിലാക്കുന്നു. തമിഴ് തൊഴിലാളികളാണ് ഭൂരിഭാഗം തോട്ടങ്ങളിലും ജോലി ചെയ്തിരുന്നത്. ഇവരുടെ വരവ് നിലച്ചതോടെ കവാത്ത്, വളമിടീൽ, കീടനാശിനി തളിക്കൽ, ജലസേചനം ഉൾപ്പെടെയുള്ള ജോലികൾ സമയബന്ധിതമായി ചെയ്യാൻ കഴിയുന്നില്ല.