തൊടുപുഴ: ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വരുമാന മാർഗമില്ലാതായ പതിനായിരക്കണക്കിന് വരുന്ന ആട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തര ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഡീൻ കുര്യാക്കോസ് എം. പി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക ക്ഷേമപദ്ധതി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും എം.പി. അഭ്യർഥിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ കഴിഞ്ഞ ഒന്നര മാസമായി ഇപ്പോഴും തുടരുകയാണ്. ഈ ദിവസങ്ങളിൽ ഓട്ടോറിക്ഷ നിരത്തിലിറക്കാൻ കഴിയാതെ ഓട്ടോതൊഴിലാളികളുടെ വരുമാനം പൂർണ്ണമായും നിലച്ചു. ഇതേ തുടർന്ന് ഇവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണ്. ആശുപത്രി ഓട്ടം ഉൾപ്പെടെ അത്യാവശ്യകാര്യങ്ങൾക്ക് പോലും പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഭൂരിഭാഗം ആളുകളും വിവിധ പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് വാഹനം വാങ്ങിയവരാണ്. ഇക്കാരണത്താൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന മോറട്ടോറിയം ലഭിക്കുകയുമില്ല. വരും ദിവസങ്ങളിൽ വായ്പാ തിരിച്ചടവിന് പുറമേ പിഴയിനത്തിലും വൻ തുക അടക്കേണ്ട ഗതികേടിലാണിവർ. സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തിര തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഇവർക്ക് അനുവധിച്ച ആശ്വാസ ധനസഹായം 2000 രൂപ ക്ഷേമ നിധിയിൽ അംഗത്വമില്ലാത്തവർ ഉൾപ്പടെ എല്ലാവർക്കും ലഭ്യമാക്കണമെന്നും ഒരു വർഷത്തേക്ക് 20000 രൂപ പലിശ രഹിത വായ്പ അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.