തൊടുപുഴ:. അന്നന്നത്തെ അന്നത്തിനു വേണ്ടി തൊഴിൽ ചെയ്ത് കുടുംബം പുലർത്തുന്നആട്ടോറിക്ഷ തൊഴിലാളികളും മറ്റെല്ലാ വിഭാഗത്തെയും പോലെ സർക്കാരിന് എല്ലാ നികുതികളും കൃത്യമായി നൽകുന്നവരാണെന്ന് വിസ്മരിക്കുന്നത് ഈ വിഭാഗം തൊഴിലാളികളോടുള്ള ക്രൂരതയാണെന്ന് ഇടുക്കി ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘം ജില്ല ജനറൽ സെക്രട്ടറി എ.പി.സഞ്ചുപറഞ്ഞു. ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഹോട്ട്‌സ് സ്‌പോട്ടുകളല്ലാത്ത സ്ഥലങ്ങളിൽ നിബന്ധനകൾ പാലിച്ചുകൊണ്ട് സർവ്വീസ് നടത്താൻ അനുവാദം നൽകണമെന്നും ലോക്ക് ഡൗൺ കാലയളവിൽ വാഹനങ്ങളുടെ നികുതികൾ പുതുക്കാൻ സമയം നീട്ടി നൽകുന്നതിന് പകരം ഈ സമയത്തു തൊഴിൽ ചെയ്യാൻ സാധിക്കാത്ത ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വാഹനഇൻഷുറൻസിന്റെയും റോഡ് ടാക്‌സിന്റെയും ഉൾപ്പെടെ സർക്കാർ വാങ്ങുന്ന എല്ലാ നികുതികളുടെയും തുക ഇളവു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ആട്ടോറിക്ഷ മസ്ദൂർ സംഘത്തിന്റെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ജോബി മാത്യു, പി.പി.ഷാജി, ഷിബുമോൻ കാഞ്ഞിരമറ്റം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.