ഇടുക്കി : സമ്പർക്കവിലക്ക് കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കുവാൻ മത്സരവുമായി കൊന്നത്തടി ഗ്രാമപഞ്ചായത്തും കൃഷിഭവനും കൈകോർക്കുന്നു. കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, ആരോഗ്യ വകുപ്പ്, നമ്മുടെ പാറത്തോട് യുവജന കൂട്ടായ്മ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുന്നത്. മികച്ച അടുക്കളത്തോട്ടങ്ങൾക്ക് വാർഡ് തലത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും സമ്മാനങ്ങൾ നൽകും. പഞ്ചായത്ത് തലത്തിൽ ഓന്നാം സമ്മാനം 2500 രൂപയും, രണ്ടാം സമ്മാനം 2000 രൂപയും, മൂന്നാം സമ്മാനം 1500 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകും.. പഞ്ചായത്ത് മെമ്പർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി കൺവീനർ എന്നിവർ വാർഡ് തലത്തിലും പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസർ, ഹരിത കേരളം പ്രതിനിധി, പാറത്തോട് യുവജനകൂട്ടായ്മ പ്രതിനിധി, ആരോഗ്യവകുപ്പ് പ്രതിനിധി എന്നിവർ പഞ്ചായത്ത് തലത്തിലും വിജയികളെ തിരഞ്ഞെടുക്കും.